വിന്റർ ഒളിമ്പിക്‌സ് : മൂണ്‍ ജേയുടെ വിരുന്ന് സല്‍ക്കാരം ബഹിഷ്കരിച്ച് മൈക്ക് പെന്‍സ്

ദക്ഷിണകൊറിയയിലെ പ്യോങ്ചാങിൽ ആരംഭിച്ച വിന്റർ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനത്തിനു മുമ്പ് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ നൽകിയ വിരുന്ന് സല്‍ക്കാരം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ബഹിഷ്‌കരിച്ചു. വിരുന്നു നടക്കുന്ന ഹാളിലെത്തിയ പെൻസ് അതിഥികളുമായി അല്പം സംസാരിച്ചശേഷം വിരുന്നിൽ പങ്കെടുക്കാതെ സ്ഥലംവിടുകയായിരുന്നു.

ഉത്തരകൊറിയൻ രാഷ്ട്രത്തലവന്റെ പദവി വഹിക്കുന്ന കിം യോംഗ് നാമുമായി സംസാരിക്കുന്നത് ഒഴിവാക്കുകയായിരുന്നു പെൻസിന്റെ ലക്ഷ്യമെന്നു യോൺഹാപ് റിപ്പോർട്ട് ചെയ്തു. നൃത്തവും സംഗീതവും കലാപ്രകടവും കൊഴുപ്പേകിയ രണ്ടു മണിക്കൂർ ദീർഘിച്ച ഉദ്ഘാടനച്ചടങ്ങിൽ പെൻസും ഭാര്യ കാരനും ഇരുന്ന നിരയ്ക്കു പിന്നിലായിരുന്നു ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗിന്റെ സഹോദരി കിം യോ ജോംഗും രാഷ്ട്രത്തലവന്റെ പദവി വഹിക്കുന്ന 90കാരനായ കിം യോംഗ് നാമും ഇരുന്നത്. ഉത്തരകൊറിയൻ നേതാക്കളെ കണ്ടതായി പെൻസ് ഭാവിച്ചില്ല. കൊറിയൻ ടീം സ്റ്റേഡിയത്തിൽ പ്രവേശിച്ചപ്പോൾ മറ്റുള്ളവർ എഴുന്നേറ്റു നിന്നെങ്കിലും വിഐപി ബോക്‌സിൽ ഇരുന്ന പെൻസ് എഴുന്നേറ്റില്ല. യോജോംഗിനെ ദക്ഷിണകൊറിയൻ നേതാവ് മൂൺജേ ഇൻ ഹസ്തദാനം നൽകി സ്വീകരിച്ചു. ദക്ഷിണകൊറിയയിലെ പ്യോങ്ചാങിൽ ആരംഭിച്ച വിന്റർ ഒളിമ്പിക്‌സിന്റെ മാർച്ച് പാസ്റ്റിൽ ഇരുകൊറിയകളുടെയും അത്ലറ്റുകൾ ധവളവസ്ത്രമണിഞ്ഞ് ഏകീകൃത പതാകയുടെ കീഴിൽ മാർച്ച് ചെയ്തു. ഈ മാസം 25നു സമാപിക്കുന്ന വിന്റുർ ഒളിന്പിക്‌സിൽ 92 രാജ്യങ്ങളിൽ നിന്നായി മൂവായിരത്തോളം അത്ലറ്റുകളാണു പങ്കെടുക്കുന്നത്. ഉത്തരകൊറിയയിൽ നിന്ന് 22 അത്ലറ്റുകൾ ഉൾപ്പെടെ 500 പേരുടെ സംഘമാണ് എത്തിയിട്ടുള്ളത്.

Topics:
Social Icons Share on Facebook Social Icons Share on Google +