ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് എട്ട് വർഷം

ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്ന് എട്ട് വർഷം തികയുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ഇന്നും മലയാളിയുടെ ഗൃഹാതുരത്വത്തെ ഉണർത്തുന്ന ഓർമ്മയാണ്.

വിരൽത്തുമ്പിൽ അക്ഷരങ്ങളുടെ അക്ഷയപാത്രം ഒളിപ്പിച്ച നക്ഷ്ത്രമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. കഥാപാത്രങ്ങളെ ജീവിതത്തോട് സന്നിവേശിപ്പിച്ച് ഗിരീഷ് പുത്തഞ്ചേരി കുറിച്ച വരികൾ ഇന്നും മലയാളിയുടെ നൊമ്പരവും, ആസ്വാദന തലത്തിൽ ആനന്ദവും നൽകുന്ന ഒരു ഗൃഹാതുരത്വമാണ്.

അസാധാരണമായ കാവ്യ സി്ദ്ധികൊണ്ട് അനുഗ്രഹീതനായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലചിത്ര സംഗീത ഭാവുകത്വത്തിന് പുതിയ നിർവചനം കൊടുത്ത പ്രതിഭ. അക്ഷരത്തെ സ്‌നേഹത്തിന്റെ നൂലുകൊണ്ട് തുന്നിച്ചേർത്ത വരികളാണ് ഗിരീഷ് മലയാളിക്ക് സമ്മാനിച്ചത്.

1961ൽ കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിലായിരുന്നു മലയാളത്തിന്റെ ഈ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്റെ ജനനം. ആകാശവാണിക്ക് വേണ്ടി ലളിതഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു പാട്ടെഴുത്ത് രംഗത്തേക്ക് കടന്നു വന്നത്. എൺപതുകളുടെ ഒടുവിൽ ചലചിത്ര ഗാനരചനാ രംഗത്തേക്കും ചുവടുവച്ചു.തൊണ്ണൂറുകളിൽ മലയാളിയുടെ മനസ് കീഴടക്കിയ പാട്ടെഴുത്തുകാരുടെ പട്ടികയിൽ ഗിരീഷ് പുത്തഞ്ചേരിയും ഇടംപിടിച്ചു. അതുല്യമായ കാവ്യ ഭാവനയ്ക്കുള്ള അംഗീകാരമെന്നോണം ഏഴ് തവണ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ഗിരീഷ് പുത്തഞ്ചേരിയെ തേടിയെത്തി.

ഈണങ്ങൾക്കതീതമായി അർഥങ്ങൾ തീർത്ത വരികൾ ബാക്കിയാക്കി ഗിരീഷ് പുത്തഞ്ചേരി യാത്രയായത് 2010 ഫെബ്രുവരി പത്തിനാണ്. സർഗസൃഷ്ടിയുടെ നിറ യൗവനത്തിൽ നിന്ന് ആ സൂര്യ കിരീടം മൃതിയുടെ ഇരുളിൽ വീണുടഞ്ഞിട്ട് ഏഴ് വർഷം പൂർത്തിയാകുന്നു. മലയാളിയുടെ ഹൃദയം കീഴടക്കിയ ഒരായിരം വരികളിലൂടെ ഇന്നും ഗിരീഷ് പുത്തഞ്ചേരി ജീവിക്കുന്നു.

Social Icons Share on Facebook Social Icons Share on Google +