ജേക്കബ് സുമയ്ക്ക് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ അന്ത്യശാസനം

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ അന്ത്യശാസനം.  അടുത്ത 48 മണിക്കൂറിനുള്ളിൽ സ്ഥാനമൊഴിയാനാണ് നിർദേശം. പാർട്ടിയുടെ പുതിയ പ്രസിഡന്റ് സിറിൽ രാമഫോസയുടെ അധ്യക്ഷതയിൽ നടന്ന എക്‌സിക്യൂട്ടിവ് ബോഡി യോഗത്തിലാണ് തീരുമാനം.

രാജിവെച്ചില്ലെങ്കിൽ പുറത്താക്കൽ നടപടി സ്വീകരിക്കുമെന്ന് സുമയുടെ വീട്ടിലെത്തി രാമഫോസ മുന്നറിയിപ്പ് നൽകിയിരുന്നു. 2009 മുതൽ അധികാരത്തിലുള്ള ജേക്കബ് സുമയ്‌ക്കെതിരേ അടുത്തിടെയായി നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് 75കാരനായ സുമയ്ക്കു മേൽ രാജി സമ്മർദം ശക്തമായത്.

എന്നാൽ തെരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിയുള്ളതിനാൽ അധികാരമൊഴിയാൻ സുമ വിസമ്മതിച്ചതോടെ പാർട്ടി കടുത്ത തീരുമാനം എടുക്കുകയായിരുന്നു. സുമ അധികാരത്തിൽ തുടർന്നാൽ അടുത്തവർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ എഎൻസി അപ്രസക്തമായേക്കും. ഡിസംബറിൽ എഎൻസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിറിൾ റാമഫോസ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിന് അത് വിലങ്ങു തടിയാകും.

സുമ രാജി വച്ചൊഴിഞ്ഞാൽ തെരഞ്ഞെടുപ്പിൽ ജയിച്ച് എഎൻസി പ്രസിഡന്റ് എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ തലവനായി റാമഫോസ എത്തും. മുൻ ഭാര്യ എൻകോസസാന ഡിലാമിനി സുമയെ രംഗത്തിറക്കി എഎൻസിയുടെ നേതൃപദവി പിടിക്കാൻ സുമ നോക്കിയിരുന്നെങ്കിലും നീക്കം പരാജയപ്പെട്ടിരുന്നു.

Social Icons Share on Facebook Social Icons Share on Google +