സംസ്ഥാനത്ത് ബസ് ചാർജ് വർധന; മിനിമം ചാർജ് എട്ട് രൂപയാകും

സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് ഇടതു മുന്നണി യോഗത്തിൽ അനുമതി.  മിനിമം ചാർജ് എട്ട് രൂപയായി വർധിപ്പിക്കും.നാളെ ചേരുന്ന മന്ത്രി സഭായോഗത്തിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം നിരക്ക് വർദ്ധനയുടെ കാര്യത്തിൽ സർക്കാർ ആലോചിച്ച് തീരമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു.

സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അടിയന്തര യോഗം.

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസ് ചാർജ് ഏഴിൽ നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽ നിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പർ എക്സ്പ്രസ് നിരക്ക് 13ൽ നിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക. വിദ്യാർഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ  വർധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

Social Icons Share on Facebook Social Icons Share on Google +