കമൽഹാസന്‍ അഭിനയരംഗം വിടുന്നു; രാഷ്ട്രീയ പ്രഖ്യാപനം അടുത്ത ബുധനാഴ്ച

സിനിമാതാരം കമൽഹാസന്‍ അഭിനയം നിർത്തുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആകാനാണ് തന്റെ തീരുമാനമെന്നും തന്റെ രാഷ്ട്രീയ പ്രഖ്യാപനം അടുത്ത ബുധനാഴ്ച ഉണ്ടാകുമെന്നും കമൽ ഹാസൻ പറഞ്ഞു. ബിജെപിയുമായി ഒരിക്കലും കൈകോർക്കില്ലെന്നും കമൽ വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചാൽ പിന്നെ സിനിമകളിൽ അഭിനയിക്കില്ലെന്നു കമൽ ഹാസൻ പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ മാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളിൽ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമൽ ഹാസൻ പറഞ്ഞു. നീതിപൂർവകമായ ജീവിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണു തന്റെ ആഗ്രഹം. രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ 37 വർഷമായി താൻ സന്നദ്ധപ്രവർത്തക മേഖലയിലുണ്ടായിരുന്നു. ഈ 37 വർഷത്തിനുള്ളിൽ പത്തു ലക്ഷത്തോളം പ്രവർത്തകരെയാണു താൻ നേടിയതെന്നും കമൽ കൂട്ടിച്ചേർത്തു.

പണം സമ്പാദിക്കുന്നതിനല്ല താൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. ഒരു നടനായി മാത്രം ജീവിച്ചു മരിക്കാൻ ആഗ്രഹിക്കുന്നില്ല. ജനങ്ങളെ സേവിച്ചു കൊണ്ടായിരിക്കും തന്റെ മരണം. അക്കാര്യത്തിൽ തനിക്കു തന്നെ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പായിരിക്കും. കാവി നിറം വ്യാപിക്കുന്നതിൽ തനിക്ക് അത്യധികം ആശങ്കയുണ്ട്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിനു ഭീഷണിയാണ്. ദ്രാവിഡൻ സംസ്‌കാരത്തേയും കറുത്തവരെയും പ്രതിനിധാനം ചെയ്യുന്നതായിരിക്കും തന്റെ രാഷ്ട്രീയത്തിലെ കറുപ്പ്. ബിജെപിയുമായി ഒരിക്കലും കൈകോർക്കില്ല. താനൊരു ഹിന്ദു വിരോധിയോ അവർക്കെതിരോ അല്ല. രജനീകാന്തിന്റെ രാഷ്ട്രീയം കാവിനിറത്തിൽ അധിഷ്ഠിതമാണെങ്കിൽ അദ്ദേഹവുമായി സഖ്യത്തിലേർപ്പെടില്ല. മുഖ്യമന്ത്രിയാകാനല്ല തന്റെ ആഗ്രമെന്നും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും കമൽഹാസൻ വിശദീകരിച്ചു.

Topics:
Social Icons Share on Facebook Social Icons Share on Google +