സൊഹ്റാബ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ ആരോപണ വിധേയർക്ക് അനുകൂലമായ എല്ലാ വിധികളും പുനഃപരിശോധിക്കണമെന്ന് മുൻ ജഡ്ജി

സൊഹ്റാബ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാ അടക്കമുള്ള ആരോപണ വിധേയർക്ക് അനുകൂലമായ എല്ലാ കോടതി വിധികളും പുനഃപരിശോധിക്കണമെന്ന് മുംബൈ ഹൈക്കോടതി മുൻ ജഡ്ജി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന മുൻ ജഡ്ജി അഭയ് എം തിപ്‌സെയാണ് കേസിൽ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

അമിത് ഷാ അടക്കമുള്ള ഉന്നതർ ആരോപണ വിധേയരായിരുന്ന സൊഹ്റാബ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ കോടതി നടപടികളിൽ സംശയമുന്നയിച്ചാണ് മുൻ ജഡ്ജി അഭയ് തിപസെയുടെ വെളിപ്പെടുത്തൽ. കേസിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർ ഡി ജി വൻസാര, എൻ.കെ അമീൻ തുടങ്ങിയവരുടെ ഹൈക്കോടതിയിലെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത് ജസ്റ്റിസ് അഭയ് തിപ്സെയായിരുന്നു. വൻസാര അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ച വിധിയിൽ പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന തന്റെ പരാമർശം പോലും സിബിഐ കോടതി ഗൗരവത്തോടെ പരിഗണിച്ചില്ലെന്ന് ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കേസിലെ 38 പ്രതികളിൽ അമിത് ഷാ ഉൾപ്പടെ 15 പേരെ കുറ്റവിമുക്തൻ ആക്കി. ഇത് നീതി ന്യായ വ്യവസ്ഥയുടെയും, നീതി നിർവഹണ സംവിധാനത്തിന്റെയും പരാജയമാണ്. കേസിലെ 30 സാക്ഷികളിൽ 22 പേരും കൂറുമാറി. ഇത് തികച്ചും അസ്വാഭാവികം. സാക്ഷികൾ പലരും സമ്മർദത്തിനോ ഭീക്ഷണിക്കോ വിധേയരായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദുരൂഹവും, സാമാന്യ യുക്തിക്ക് നിരക്കാത്തതും ആയ പലതും നടക്കുന്നുണ്ട് എന്നും ജസ്റ്റിസ് തിപ്‌സെ അഭിപ്രായപ്പെട്ടു. ജഡ്ജി ലോയക്ക് മുമ്പ് പരിഗണിച്ചിരുന്ന ജെ ടി ഉത്പതിനെ പെട്ടെന്ന് സ്ഥലം മാറ്റിയതും അസ്വാഭാവികമാണെന്നും അഭയ്  എം തിപ്സെ പറഞ്ഞു. ഈ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും മുംബൈ ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കണമെന്നാണ് അദ്ദേഹത്തിൻറെ ആവശ്യം.

Social Icons Share on Facebook Social Icons Share on Google +