പൊതുമേഖലാ ബാങ്കുകൾ 516 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി; തിരിച്ചടയ്ക്കാത്ത 38 അക്കൗണ്ടുകളിലെ തുകയാണിത്

പൊതുമേഖലാ ബാങ്കുകൾ 516 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി ധനമന്ത്രാലയം. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുളള കാലയളവിൽ വായ്പയെടുത്ത് മനപൂർവം തിരിച്ചടയ്ക്കാത്ത 38 അക്കൗണ്ടുകളിലെ തുകയാണിത്.

ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിഷ്‌ക്രിയ ആസ്തിയായി കാണിക്കേണ്ട തുകയാണിത്. എന്നാൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ
38 അക്കൗണ്ടുകളിലായി 516 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയതായാണ് ധനമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. ഈ കടം എഴുതിതള്ളുന്നതിലൂടെ ബാങ്കുകളുടെ പ്രവർത്തന ലാഭത്തിൽ ആനുപാതകമായ ഇടിവുണ്ടാകും. അവശ്യഘട്ടങ്ങളിൽ കുടിശിക വരുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ടെങ്കിലും ഭൂരിപക്ഷ കേസുകളിലും അതുണ്ടാകാറില്ല.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിലാണ് ഏറ്റവും അധികം വായ്പാ കുടിശികക്കാരുള്ളത്. 2017 മാർച്ച് 31 വരെ 1,762 പേരിൽ നിന്നായി 25,104 കോടി രൂപയാണ് എസ്ബിഐക്ക് പിരിഞ്ഞ് കിട്ടാനുള്ളത്. പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. 1120 പേരിൽ നിന്നായി 12,278 കോടിയാണ് കിട്ടാനുള്ളത്. ഈ രണ്ടും ബാങ്കുകൾക്കു കൂടി കിട്ടാനുള്ളത് ആകെ കിട്ടാക്കടത്തിന്റെ നാൽപത് ശതമാനമാണ്. 8,915 പേരിൽ നിന്നായി 92,376 കോടിയാണ് ആകെ പിരിഞ്ഞു കിട്ടാനുള്ള വായ്പാ തുക.

Social Icons Share on Facebook Social Icons Share on Google +