ഓസ്‌കർ പുരസ്‌കാരം അടിച്ചുമാറ്റിയ ആൾ അറസ്റ്റിൽ

മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്‌കാരം അടിച്ചുമാറ്റിയ ആൾ അറസ്റ്റിൽ. ടെറി ബ്രയാൻറ് എന്ന ആളാണ് അറസ്റ്റിലായത്. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ഫ്രാൻസിസ് മക്‌ഡോർമൻറിന്റെ ഓസ്‌കർ ശിൽപമാണ് ബ്രയാൻറ് അടിച്ചുമാറ്റിയത്.

ത്രീ ബിൽബോർഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ് മിസൗറിയിലെ പ്രകടനമാണ് ഫ്രാൻസിസ് മക്‌ഡോർമന്റിനെ അവാർഡിന് അർഹയാക്കിയത്. അവാർഡ് വിതരണ ചടങ്ങിനു ശേഷം നടന്ന അത്താഴവിരുന്നിനിടെയാണ് സംഭവം. ശിൽപം കൈക്കലാക്കിയ ബ്രയാന്റ് ഇതുമായി ഫേസ്ബുക്ക് ലൈവിലും എത്തി. പുരസ്‌കാര ജേതാക്കൾ പലരുമായി ചേർന്ന് ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. ബ്രയാന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതാണ് പിടിയിലാകാൻ കാരണമായത്.

അത്താഴ വിരുന്നിനിടെ മക്‌ഡോർമന്റിന്റെ മേശപ്പുറത്തുനിന്നും ബ്രയാൻറ് ഓസ്‌കർ അടിച്ചുമാറ്റുകയായിരുന്നു. ഗവർണേഴ്‌സ് ബാളിലെ പരിപാടിക്ക് ടിക്കറ്റ് എടുത്താണ് ബ്രയാന്റ് എത്തിയത്. ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ 20,000 ഡോളർ കെട്ടിവച്ച ശേഷം ജാമ്യത്തിൽവിട്ടു. അടുത്ത ദിവസം കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് മക്‌ഡോർമന്റ് ഓസ്‌കർ പുരസ്‌കാരത്തിനു അർഹയാകുന്നത്.

Social Icons Share on Facebook Social Icons Share on Google +