സിറിയയിൽ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിലേറെയായി

സിറിയയിലെ കിഴക്കൻ ഘൗട്ടയിൽ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു. 21 ദിവസമായി തുടരുന്ന രൂക്ഷമായ പോരാട്ടത്തിൽ ആയിരത്തി മുപ്പത്തി ഒന്ന് സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് റിപ്പോർട്ട്.

ആക്രമണം രൂക്ഷമായതിനാൽ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലെന്ന് കൗൺസിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ 219 പേർ കുട്ടികളും 154 സ്ത്രീകളും ഉൾപ്പെടുന്നു. 4, 350 ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ഘൗട്ടയിൽ നിന്ന് വിമതരെ തുരത്താനാണ് സിറിയൻ സൈന്യം ആക്രമണങ്ങൾ നടത്തുന്നത്. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിന് സമീപത്തുള്ള വിമതരുടെ അവസാന ശക്തികേന്ദ്രമാണ് കിഴക്കൻ ഘൗട്ട.

ശനിയാഴ്ച നടത്തിയ സൈനികനടപടിയിൽ കിഴക്കൻ ഘൗട്ടയെ ഒറ്റപ്പെടുത്തി മേഖലയെ മൂന്നായി വിഭജിക്കാൻ സൈന്യത്തിനായിരുന്നു. ആക്രമണത്തിൽ നാല് കുട്ടികളുൾപ്പെടെ ഇരുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. സർക്കാർ സൈന്യം മുന്നേറ്റം തുടരുന്ന മേഖലയിൽ ഒഴിപ്പിക്കൽ കരാർ ഭാഗികമായി പരിഗണിക്കാൻ വിമതരിൽ ഒരുവിഭാഗം തയ്യാറായിട്ടുണ്ട്. അതിനിടെ, സൈനികാക്രമണം ശക്തമായ സാഹചര്യത്തിൽ വിമതർ നയിക്കുന്ന പ്രാദേശിക കൗൺസിൽ, ശനിയാഴ്ച മേഖലയിൽ അന്താരാഷ്ട്ര സംഘടനകൾ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടിരുന്നു.

അതേസമയം ഐക്യരാഷ്ട്രസഭയുടെ വെടിനിർത്തലിനും ആവർത്തിച്ചുള്ള ചർച്ചകൾക്കുള്ള അഭ്യർഥനകളും ലോകരാജ്യങ്ങൾ നിരസിക്കുകയാണ്.

Social Icons Share on Facebook Social Icons Share on Google +