ത്രിരാഷ്ട്ര ട്വന്റി20 : ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും

ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയുടെ നാലാം മത്സരത്തിൽ ഇന്ന് ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. ആദ്യമത്സരത്തിൽ ലങ്കയോടേറ്റ തോൽവിക്ക് മറുപടി നൽകാനും പരമ്പരയിൽ ഫൈനൽ സാധ്യത നിലനിർത്താനും ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്.

മൂന്നാംമത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെ തോൽപ്പിച്ചതോടെ മൂന്നുടീമുകൾക്കും ഓരോ ജയമായി. റൺനിരക്കിൽ ലങ്കയാണ് ഇതരടീമുകളേക്കാൾ മുന്നിൽ. ഇന്ത്യ രണ്ടാമതാണ്.

പുതുമുഖങ്ങളെ ടീമിൽ നിറച്ച് പരീക്ഷണത്തിനിറങ്ങിയ ഇന്ത്യക്ക് ആദ്യ കളിയിൽ ലങ്ക കനത്ത തിരിച്ചടിയാണ് നൽകിയത്. കുശാൽ പെരേരയുടെ വെടിക്കെട്ട് ബാറ്റിങ്ങിനുമുന്നിൽ ശർദുൾ താക്കൂറും ജെയ്‌ദേവ് ഉനദ്കട്ടുമടങ്ങിയ യുവബൗളിങ്‌നിര പതറിപ്പോയി. ഫീൽഡിൽ രോഹിത് ശർമയുടെ മോശം ക്യാപ്റ്റൻസിയും തോൽവിയിലേക്ക് നയിച്ചു.നേരത്തെ ബാറ്റിങ്ങിലും രോഹിത് പരാജയമായിരുന്നു. ബംഗ്ലാദേശിനെതിരെ ബൗളർമാർ മികവുകാട്ടിയെങ്കിലും രോഹിത് നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മോശംപ്രകടനം തുടരുകയാണെന്ന് തെളിയിക്കുകയുംചെയ്തു. രണ്ടു കളിയിൽനിന്ന് 17 റണ്ണാണ് ഈ വലംകൈയൻ സമഹാരിച്ചത്. ഇന്ന് ആ കുറവ് പരിഹരിക്കാനുള്ള അവസരംകൂടിയാണ് രോഹിതിന്. അതേസമയം ഓപ്പണിങ്ങിൽ രോഹിതിന്റെ കൂട്ടുകാരൻ ശിഖർധവാൻ രണ്ടുകളിയിലും തിളങ്ങി. ബംഗ്ലാദേശുമായി ഇന്ത്യയുടെ ജയമുറപ്പിച്ചതും ധവാന്റെ ഇന്നിങ്‌സ്തന്നെ. ആദ്യ കളിയൽ 90ഉം രണ്ടാമത്തെ കളിയിൽ 55ഉമാണ് ധവാൻ അടിച്ചെടുത്തത്.

ശേഷിച്ച ബാറ്റ്‌സ്മാൻമാരിൽ മനീഷ് പാണ്ഡെയും സുരേഷ് റെയ്‌നയും ഭേദപ്പെട്ട കളി പുറത്തെടുത്തു. ദിനേഷ് കാർത്തിക്കും മോശമാക്കിയില്ല. എന്നാൽ മഹേന്ദ്രസിങ് ധോണിയുടെ പകരക്കാരനായി ടീമിലെത്തിയ ഋഷഭ് പന്ത് നാലാംനമ്പറിൽ നിരാശപ്പെടുത്തി. പരിചയസമ്പന്നനായ കെ എൽ രാഹുൽ ഇന്ന് പന്തിന് പകരമായെത്തിയേക്കും. ബൗളർമാരിൽ മാറ്റമുണ്ടായേക്കില്ല.

ആദ്യ രണ്ടുകളിയിലും മികച്ച കളി പുറത്തെടുത്ത ടീമിനെത്തന്നെ ലങ്ക നിലർത്തിയേക്കും. ബംഗ്ലാദേശിനോട് അവസാന ഓവറുകളിലെ ബൗളിങ്ങിൽ സംഭവിച്ച പിഴവ് തിരുത്തിയാകും ദിനേഷ് ചന്ദിമലും സംഭവും ഇറങ്ങുക.

Social Icons Share on Facebook Social Icons Share on Google +