പിഎൻബി ബാങ്ക് തട്ടിപ്പു കേസിൽ അരുൺ ജയ്റ്റ്‌ലിക്കെതിരെ ആരോപണവുമായി രാഹുൽ ഗാന്ധി

പിഎൻബി ബാങ്ക് തട്ടിപ്പു കേസിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരെ ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഭിഭാഷകയായ മകളെ രക്ഷിക്കാൻ വേണ്ടിയാണ് വിഷയത്തിൽ ജയ്റ്റ്‌ലി മൗനം അവലംബിച്ചതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു.

ദി വയർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. പിഎൻബിയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയപ്പോൾ, ജയ്റ്റ്‌ലിയുടെ മകളുടെ നിയമസ്ഥാപനത്തിൽ സിബിഐ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും ട്വീറ്റിൽ രാഹുൽ ചോദിക്കുന്നു. ദി വയറിന്റെ ഇതേവരെ പ്രസിദ്ധീകരിക്കാത്ത അന്വേഷണാത്മക റിപ്പോർട്ടാണ് രാഹുലിന്റെ ട്വീറ്റിന് ആധാരം.

റിപ്പോർട്ട് പ്രസിദ്ധീകരിച്ചില്ലെങ്കിലും ബിജെപി അനുകൂല വെബ്‌സൈറ്റുകൾ ജയ്റ്റ്‌ലിയെ താറടിക്കാൻ ദി വയർ റിപ്പോർട്ട് തയാറാക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദി വയർ ബന്ധപ്പെട്ടവർക്ക് അയച്ചു നൽകിയ ചോദ്യാവലികൾ ചോർന്നു കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോർട്ടുകൾ. ഇതേതുടർന്ന് വിവാദ റിപ്പോർട്ട് സംബന്ധിച്ച് ദി വയർ വെബ്‌സൈറ്റിൽ വിശദീകരണം നൽകുകയുണ്ടായി.

Social Icons Share on Facebook Social Icons Share on Google +