ലൈറ്റ് മെട്രോ പദ്ധതി : ഡിഎംആർസിയേയും ഇ ശ്രീധരനെയും ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ യുഡിഎഫിന്റെ പ്രക്ഷോഭം

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസിയേയും ഇ ശ്രീധരനെയും ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ യുഡിഎഫിന്റെ പ്രക്ഷോഭം ഇന്ന് തുടങ്ങുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ഇന്ന് ബഹുജന കൺവെൻഷൻ ചേരും. വൈകിട്ട് നടക്കുന്ന കൺവെൻഷൻ ചരിത്രകാരൻ എം ജി എസ് നാരായണൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ കോഴിക്കോട് ചേർന്ന യു ഡി എഫ് ജില്ലാ നേതൃ യോഗമാണ് സമര പരിപാടികൾക്ക് തീരുമാനം എടുത്തത്.

സംസ്ഥാന സർക്കാരിന്റെ വികസന വിരുദ്ധ നയങ്ങൾ പൊതുജന മധ്യത്തിൽ തുറന്നു കാട്ടുന്ന പ്രചരണ പരിപാടികളാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ ഈ പരിപാടികളിൽ പങ്കാളികളാക്കും. ഡിഎംആർസിയെ ഒഴിവാക്കുന്നത് സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിട്ടാണെന്നും ഇത് അഴിമതിക്ക് കളമൊരുക്കുമെന്നും ആരോപണമുയർന്നിട്ടുണ്ട്.

ഇ ശ്രീധരനെ പോലെ രാജ്യം ആദരിക്കുന്ന ഒരു വ്യക്തിയെ അപമാനിച്ച് ഇറക്കി വിട്ടതിലും പൊതു സമൂഹത്തിൽ വ്യാപക അതൃപ്തിയുണ്ട്. ഇക്കാര്യങ്ങളെല്ലാം വിവിധ പ്രചരണ പരിപാടികളിലൂടെ യു ഡി എഫ് ജനമധ്യത്തിലേക്ക് എത്തിക്കും. ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന കോഴിക്കോട് നഗരത്തിൽ സ്ഥലം ഏറ്റെടുത്തുള്ള റോഡ് വികസനം ഇനി അസാധ്യമാണ്. ലൈറ്റ് മെട്രോ നൽകിയ പ്രതീക്ഷകൾക്ക് മേൽ സംസ്ഥാന സർക്കാർ കത്തി വെയ്ക്കുമ്പോൾ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരും. ഇത് എൽ ഡി എഫിന്റെ ജന പ്രതിനിധികളെയും സമ്മർദ്ദത്തിലാക്കും.

Social Icons Share on Facebook Social Icons Share on Google +