പുതിയ ഭരണഘടനയോട് വിധേയത്വം പുലർത്തണമെന്ന് സൈന്യത്തോട് ഷി ജിൻപിങ്

തന്റെ രാഷ്ട്രീയ തത്വങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത പുതിയ ഭരണഘടനയോട് വിധേയത്വം പുലർത്തണമെന്ന് സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ജീവിതാവസാനംവരെ ചൈനയുടെ പ്രസിഡന്റായി തുടരാനുള്ള അധികാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഷിയുടെ ഉത്തരവ്.

ഭരണഘടനയെ സത്യസന്ധരായി അനുസരിക്കുന്നവരും അതിനെ എതിർക്കുന്നവരെ തടയുന്നവരുമായിരിക്കണം സൈനികരെന്നും അദ്ദേഹം നിർദേശിച്ചു. മുഴുവൻ സൈന്യവും ഭരണഘടനയിലുള്ള തങ്ങളുടെ അറിവ് വർധിപ്പിക്കുകയും ഭരണഘടനയുടെ ആദർശത്തെ പ്രോത്സാഹിപ്പിക്കുകയും വിധേയത്വം പുലർത്തുകയും വേണമെന്ന് ഷി സൈനിക ഉദ്യോഗസ്ഥരോട് പറഞ്ഞു. ചൈനയിൽ നടക്കുന്ന വാർഷിക പാർലമെന്ററി യോഗത്തിൽ ചൈനീസ് സൈന്യവും പോലീസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജ്യത്തിന്റെ സൈനികത്തലവൻകൂടിയായ ഷിയുടെ നിർദേശം.

മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാണ് ചൈനീസ് സൈന്യം. അടുത്തകാലങ്ങളിലായി സൈന്യത്തിന്റെ തലപ്പത്ത് നടത്തിയ അഴിച്ചുപണികളെ വിപ്ലവകരമായ പുനഃസംഘടനയെന്ന് ഷി വിലയിരുത്തി.

അടുത്തിടെ നടത്തിയ പുനഃസംഘടനയിൽ ഉന്നത സൈനികോദ്യോഗസ്ഥരെ മാറ്റുകയും അഴിമതിക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ സൈനിക ജനറൽമാർ ഉൾപ്പെടെയുള്ളവരെ പുറത്താക്കുകയും ചെയ്തിരുന്നു.

Social Icons Share on Facebook Social Icons Share on Google +