ദേശീയ പാതയിലെ കള്ളു ഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി

പഞ്ചായത്തുകളിലെ നഗരമേഖലകളെ ഹൈവേ മദ്യശാലാ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ വിധി കള്ള് ഷാപ്പുകൾക്കും ബാധകമെന്ന് സുപ്രീം കോടതി. അടച്ചുപൂട്ടിയ അഞ്ഞൂറിൽപരം കള്ളുഷാപ്പുകൾ തുറക്കുന്നതിൽ സംസ്ഥാന സർക്കാരിന് തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഹൈവേകളിലെ മദ്യശാലാ നിരോധനത്തെ തുടർന്ന് അടച്ചുപൂട്ടിയ കള്ളുഷാപ്പുകൾക്ക് ഉപാധികളോടെ തുറക്കാൻ സുപ്രീം കോടതിയുടെ ഉത്തരവോടെ വഴിയൊരുങ്ങും. മദ്യശാലാ നിരോധനത്തിൽ നിന്ന് പഞ്ചായത്തുകളിലെ പട്ടണ പ്രദേശങ്ങൾക്ക് ഫെബ്രവരിയിൽ കോടതി ഇളവ് നൽകിയിരുന്നു. ഈ ഉത്തരവ് കള്ളുഷാപ്പുകൾക്കും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പഞ്ചായത്തുകളിലെ പട്ടണ പ്രദേശങ്ങൾ ഏതൊക്കെയെന്ന് സംസ്ഥാന സർക്കാറുകളാണ് നിശ്ചയിക്കേണ്ടത്. വിധിയെ തുടർന്ന് പഞ്ചായത്ത് പരിധിയിൽ പെടുന്ന 500ൽ പരം കള്ളുഷാപ്പുകളാണ് അടച്ചുപൂട്ടിയിരുന്നത്. കള്ള് ഷാപ്പുകൾ തുറക്കാൻ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കള്ള് മദ്യമാണോ എന്നത് സംബന്ധിച്ച് കോടതി പ്രത്യേകം വാദം കേൾക്കും.

Social Icons Share on Facebook Social Icons Share on Google +