അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ 84-ആമത് പ്ലീനറി സമ്മേളനം 16 മുതൽ

അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റിയുടെ 84-ആമത് പ്ലീനറി സമ്മേളനം 16 മുതൽ ആരംഭിക്കും. പതിമൂവായിരത്തോളം അംഗങ്ങളാണ് ഇത്തവണ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസ്‌ അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി ഔദ്യോഗികമായി ചുമതലയേൽക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടക്കും.

16 നു സബ്ജക്ട് കമ്മിറ്റി എന്ന നിലയിൽ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും. പ്രത്യേക ക്ഷണിതാക്കളടക്കമുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ അംഗീകരിക്കേണ്ടത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും, മുൻ ധനമന്ത്രി പി ചിദംബരവും ചേർന്ന് തയ്യാറാക്കിയ സാമ്പത്തിക നയപ്രമേയം, കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണി തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയം, അന്തർദേശിയ രംഗത്തെ സംബന്ധിച്ച് പാർട്ടിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന പ്രമേയം, കാർഷിക – തൊഴിൽ മേഖലയെ സംബന്ധിച്ചുള്ള പ്രമേയം തുടങ്ങി നാല് പ്രമേയങ്ങളാണ് പ്ലീനറി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 17 നു 9 മണിക്ക് ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നതോടെ പ്ലീനറി സമ്മേളന നടപടികൾ ആരംഭിക്കും. 18 നു നാല് മണിക്ക് ചർച്ചകൾ ഉപസംഹരിച്ചുള്ള കോൺഗ്രസ്‌ അദ്ധ്യക്ഷന്റെ മറുപടി പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും.

കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഈ സമ്മേളനത്തിൽ നടക്കും. കമ്മിറ്റിയിലെ പകുതി അംഗങ്ങളെ പ്ലീനറി സമ്മേളനം തിരഞ്ഞെടുക്കും. പകുതി അംഗങ്ങളെ കോൺഗ്രസ്‌ അദ്ധ്യക്ഷൻ നാമനിർദേശം ചെയ്യും.

Social Icons Share on Facebook Social Icons Share on Google +