ആം ആദ്മി പാർട്ടിയ്ക്ക് ആശ്വാസം; അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി

ഇരട്ട പദവി വിഷയത്തിൽ 20 ആം ആദ്മി പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. എം.എൽ.എമാരുടെ വാദം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരട്ട പദവി കേസ് കമ്മിഷൻ വീണ്ടും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. സത്യം വിജയിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു.

ഇരട്ട പദവി വിഷയത്തിൽ പരാതി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ജനുവരി 19നാണ് ആം ആദ്മി പാർട്ടിയിലെ 20 എം.എൽ.എമാർക്ക് അയോഗ്യത കൽപ്പിച്ചത്. കമ്മിഷൻ നൽകിയ ശുപാർശ രണ്ട് ദിവസത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതോടെ ആം ആദ്മി പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കമ്മിഷൻ തീരുമാനമെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. ഇക്കാര്യത്തിൽ വാദം കേട്ട കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി റദ്ദാക്കി. എം.എൽ.എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല. എം.എൽ.എമാരുടെ ഭാഗം കൂടി കേൾക്കണമെന്നും ഇതിന് ശേഷം തീരുമാനമെടുക്കണമെന്നും കമ്മിഷനോട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദർ ശേഖർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് നിർദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിയിലൂടെ സത്യം ജയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. ആം ആദ്മിയുടെ 20 എം.എൽ.എമാർ 2015 മാർച്ച് 13 മുതൽ 2016 സെപ്‌തംബർ 8 വരെ മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിമാരായതാണ് അയോഗ്യതയ്ക്ക് ഇടയാക്കിയത്.

Social Icons Share on Facebook Social Icons Share on Google +