ടിയാൻഗോങ്-1 ഭൂമിയിൽ പതിച്ചു; ആശങ്ക ഒഴിഞ്ഞെന്ന് ശാസ്ത്രലോകം

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ബഹിരാകാശ നിലയം ടിയാൻഗോങ്-1 ഭൂമിയിൽ പതിച്ചു. ദക്ഷിണ പെസഫിക് മേഖലയിലാണ് നിലയം പതിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു പതനം. ആശങ്ക ഒഴിഞ്ഞെന്ന് ശാസ്ത്രലോകം.

17,000 മൈൽ വേഗതയിലാണ് നിലയം ഭൂമിയിലേക്ക് പതിച്ചത്. ഭൂമിയിലേക്ക് എത്തുമ്പോൾ തന്നെ നിലയത്തിന്‍റെ ഭൂരിഭാഗവും കത്തിപോയിരുന്നു. ദക്ഷിണ പെസഫിക്കിലെ ടഹതിക്ക് സമീപമാണ് നിലയം പതിച്ചത്. ഏതാണ്ട് ബസിന്‍റെ വലുപ്പമുള്ള നിലയം അന്തരീക്ഷത്തിൽ വച്ച് തീപിടിച്ച് തീഗോളമായാണ് കടലിൽ പതിച്ചത്. 2016 സെപ്റ്റംബർ 14നാണു തങ്ങളുടെ ബഹിരാകാശ നിലയത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ചൈന ഔദ്യോഗികമായി സമ്മതിച്ചത്. 2011ലായിരുന്നു ഇതിന്‍റെ വിക്ഷേപണം. ‘സ്വർഗീയ സമാനമായ കൊട്ടാരം’ ടിയാൻഗോങ് എന്ന പേരിന് അർത്ഥം. ഞായറാഴ്ച ഉച്ചതിരഞ്ഞു പേടകം ഭൂമിക്ക് 179 കിലോമീറ്റർ ഉയരത്തിൽ എത്തിയിരുന്നു. നിലയം എവിടെ, എപ്പോൾ പതിക്കുമെന്നു പക്ഷേ കൃത്യമായ വിവരം ആർക്കുമുണ്ടായിരുന്നില്ല.

അമേരിക്ക, ചൈന, ആഫ്രിക്ക, ദക്ഷിണ യൂറോപ്പ്, ഓസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിൽ വീണേക്കുമെന്നായിരുന്നു ആശങ്ക. റഷ്യ, കാനഡ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ വീഴാനിടയുണ്ടെന്നു പ്രവചനവുമെത്തി.കേരളത്തിന് ഭീഷണിയുണ്ടെന്നും സൂചനകളുണ്ടായിരുന്നു. ഏതായാലും മനുഷ്യരാശിയെ സ്പർശിക്കാതെ ചൈനീസ് നിലയം കടലിൽ പതിച്ചതോടെ ആശങ്കകളെല്ലാം അവസാനിച്ചുവെന്ന് ശാസ്ത്രലോകം വിലയിരുത്തി.

Social Icons Share on Facebook Social Icons Share on Google +