നടൻ കൊല്ലം അജിത്ത് അന്തരിച്ചു; സംസ്‌കാരം വൈകിട്ട് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ

നടൻ കൊല്ലം അജിത്ത് അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ നടക്കും.

മലയാള സിനിമയിൽ വില്ലനായും സഹനടനായും സംവിധായകനും ഒക്കെയായി തിളങ്ങിയ അജിത്തിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. 500 സിനിമകളിലും നിരവധി സീരിയലുകളിലും വേഷപ്പകർച്ച നടത്തിയ ഈ അതുല്യ പ്രതിഭയുടെ വിടവാങ്ങൾ ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണ്.

സംവിധായകൻ എന്ന മോഹവുമായി പത്മരാജന്റെ ശിഷ്യനാവാൻ എത്തിയതായിരുന്നു അജിത്ത്.
എന്നാൽ കാലം പിന്നീട് അത് മാറ്റി മറിക്കുകയായിരുന്നു. പത്മരാജൻ സംവിധാനം നിർവ്വഹിച്ച പറന്ന് പറന്ന് പറന്ന് എന്ന മലയാള ചിത്രത്തിലൂടെ അജിത്ത് അഭ്രപാളിയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു. . പിന്നീട് മിക്കപടങ്ങളിലും അജിത്തിനൊരു വേഷം കരുതി വച്ചു പത്മരാജൻ.

തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ അജിത്ത് ചലച്ചിത്ര പ്രേമികൾക്ക് സുപരിചിതനായി മാറി. വില്ലനായി അജിത്ത് സിനിമയിൽ തിളങ്ങിയത് 3 പതിറ്റാണ്ടുകൾ ആയിരുന്നു.സംഘട്ടന രംഗങ്ങളിൽ എന്നും പ്രേഷകർ പ്രതീക്ഷിക്കുന്ന മുഖമായിരുന്നു അജിത്തിന്റേത്. 1989 ൽ ഇറങ്ങിയ അഗ്നിപ്രവേശം എന്ന സിനിമയിൽ അജിത് നായകനുമായി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ സിനിമ പ്രേമികൾക്കായി സമ്മാനിച്ചു. ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2012 ൽ ഇറങ്ങിയ ഇവൻ അർധനാരിയിലും അജിത്ത് ശ്രദ്ദേയ വേഷം കൈകാര്യം ചെയ്തു. കോളിങ് ബെൽ , പകൽ പോലെ എന്നീ രണ്ട് ചിത്രങ്ങളിൽ സ്വന്തമായി തിരക്കഥ രചിച്ച് സംവിധായക മോഹവും പൂവണിയിച്ചു അജിത്ത്. ഈ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തതും അദ്ദേഹമായിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നത് നിർഭാഗ്യകരമായിരുന്നു.

Topics:
Social Icons Share on Facebook Social Icons Share on Google +