അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം രൂക്ഷമാകുന്നു. ചൈനയിൽനിന്നുള്ള 1,333 ഇനങ്ങൾക്ക് അമേരിക്ക പിഴച്ചുങ്കം പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം ചൈന ബദൽ നടപടി പ്രഖ്യാപിച്ചു. 106 ഇനങ്ങൾക്കാണു ചൈന 25 ശതമാനം പിഴച്ചുങ്കം ചുമത്തിയത്.

കഴിഞ്ഞവർഷം 5,000 കോടി ഡോളറിന്റെ ഇറക്കുമതി നടന്നവയാണു പിഴച്ചുങ്കം ചുമത്തപ്പെട്ട ചൈനീസ് ഉത്പന്നങ്ങളും യുഎസ് ഉത്പന്നങ്ങളും.  നേരത്തേ ചൈനയിൽനിന്നുള്ള സ്റ്റീലിന് 25 ഉം അലൂമിനിയത്തിനു പത്തും ശതമാനം പിഴച്ചുങ്കം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായി ഏപ്രിൽ രണ്ടിന് അമേരിക്കയിൽനിന്നുള്ള വൈൻ, പഴങ്ങൾ, സ്റ്റീൽ പൈപ്പ് എന്നിവയ്ക്ക് ചൈന പിഴച്ചുങ്കം പ്രഖ്യാപിച്ചു. എന്നാൽ കഴിഞ്ഞ ദിവസം പുതിയ പട്ടികയിറക്കിയാണു പുതിയ പിഴച്ചുങ്കം ചുമത്തിയത്. പുതിയ ചുങ്കം നിരക്കുകൾ പ്രാബല്യത്തിലായിട്ടില്ല. പ്രഖ്യാപനം കഴിഞ്ഞു രണ്ടുമാസത്തിനു ശേഷമേ ചുങ്കം നടപ്പാക്കി വിജ്ഞാപനം ഉണ്ടാകൂ.

പകരത്തിനു പകരം നടപടി പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും സാമ്പത്തിക ശക്തികൾ ഏറ്റുമുട്ടുമ്പോൾ ആഗോള സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കും. ചൈനയെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും മുട്ടുകുത്തിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നാണു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞത്. ചൈനയിൽ നിർമിക്കുന്ന ആപ്പിൾ ഫോണുകൾ, ഡെൽ ലാപ്‌ടോപ്പുകൾ, വാൾമാർട്ടും മറ്റും വിൽക്കുന്ന വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയ്ക്ക് അമേരിക്ക പിഴച്ചുങ്കം ചുമത്തിയില്ല. ചൈനയിൽ നിർമിക്കുന്ന കാറുകൾ ആടക്കമുള്ളവയ്ക്ക് പിഴച്ചുങ്കമുണ്ട്. ചൈന പിഴ ചുമത്തിയ ഉത്പന്നങ്ങൾ പലതും ട്രംപിനു ഭൂരിപക്ഷ പിന്തുണ കിട്ടിയ സംസ്ഥാനങ്ങളിൽ നിർമിക്കുന്നവയാണ്. അതേസമയം വിലത്തകർച്ച അടക്കമുള്ള പ്രശ്‌നങ്ങൾ പലരാജ്യങ്ങളെയും മാന്ദ്യത്തിലേക്കു നയിക്കും.

Topics: ,
Social Icons Share on Facebook Social Icons Share on Google +