തെരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രധാന്യം ഫെയ്സ്ബുക്കിന് നന്നായി അറിയാമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഒരു രാജ്യത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രധാന്യം ഫെയ്സ്ബുക്കിന് നന്നായി അറിയാമെന്നും രാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളുടെ സുതാര്യതയ്ക്കായി നല്ല നിലപാടുകളെടുത്ത് മുന്നോട്ട് പോകുമെന്നും ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. യു എസ് സെനറ്റിന് മുമ്പിലായിരുന്നു സുക്കര്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തല്‍.  കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വാസത്തില്‍ എടുത്തതില്‍ തെറ്റു പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേംബ്രിഡ്ജ് അനലിറ്റിക്കയെന്ന ബ്രിട്ടീഷ് കമ്പനി കോടിക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കില്‍ നിന്നും ചോര്‍ത്തി എന്നും ഇവ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തു എന്ന കണ്ടെത്തലിന്‍റെയും തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ്  സുക്കര്‍ബര്‍ഗിനെ വിളിച്ചുവരുത്തിയത്. യുഎസ് സെനറ്റിന്‍റെ ജുഡീഷ്യറി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റി മുമ്പാകെയാണ് സുക്കര്‍ബര്‍ഗ് വിശദീകരണം നല്‍കിയത്.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടന്ന വേളയിലായിരുന്നു  കോടിക്കണക്കിന് അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കേംബ്രിഡ്ജ് അനലിറ്റിക്ക ദുരുപയോഗപ്പെടുത്തി എന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകളില്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഇടപെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.  5.62 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ കമ്പനി ചോര്‍ത്തി എന്നായിരുന്നു വാര്‍ത്ത.  എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Social Icons Share on Facebook Social Icons Share on Google +