രാസായുധാക്രമണത്തിന്‍റെ പേരിൽ പോർവിളി മുഴക്കി അമേരിക്കയും റഷ്യയും

സിറിയയിൽ നടന്ന രാസായുധാക്രമണത്തിന്‍റെ പേരിൽ പോർവിളി മുഴക്കി അമേരിക്കയും റഷ്യയും. സിറിയയിലേക്ക് അമേരിക്ക മിസൈൽ തൊടുത്താൽ വെടിവച്ചിടുമെന്ന് റഷ്യ പറഞ്ഞു. എന്നാൽ റഷ്യ തയാറായിരുന്നോളൂ എന്നാണ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മറുപടി.

രാസായുധാക്രമണത്തിന്‍റെ പേരിൽ കൊമ്പുകോർത്ത് അമേരിക്കയും റഷ്യയും രംഗത്ത് എത്തിയിരിക്കുകയാണ്. സിറിയയിലേക്ക് അമേരിക്ക മിസൈൽ തൊടുത്താൽ വെടിവച്ചിടുമെന്ന് റഷ്യ പറഞ്ഞു. അതേസമയം, റഷ്യ തയാറായിരുന്നോളൂ നല്ല മിസൈൽ വരുന്നുണ്ടെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മറുപടി.
കിഴക്കൻ ഗൂട്ടായിലെ ദൂമ നഗരത്തിൽ ശനിയാഴ്ച രാസായുധാക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രസിഡന്‍റ് ബഷാർ അൽ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായിരുന്നു ഈസ്റ്റേൺ ഗൂട്ടാ. കനത്ത ബോംബിംഗും അതിനെത്തുടർന്നുള്ള രാസായുധാക്രണവും വിമതരെ ഗൂട്ടായിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രേരിപ്പിച്ചു. രാസായുധാക്രമണത്തിനു പിന്നിൽ അസാദിന്‍റെ പട്ടാളമാണെന്നും കനത്ത വില നല്‌കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ, രാസായുധാക്രമണം നടന്നിട്ടില്ലെന്നാണ് സിറിയയും അവരെ പിന്തുണയ്ക്കുന്ന റഷ്യയും പറയുന്നത്.

അമേരിക്ക സഖ്യകക്ഷികളുമായി ചേർന്ന് സിറിയയിൽ വലിയ ആക്രമണത്തിനു പദ്ധതിയിടുന്നതായി സൂചനയുണ്ട്. വിഷയത്തിൽ ശ്രദ്ധചെലുത്താൻ പ്രസിഡന്‍റ് ട്രംപ് വിദേശ പര്യടനം റദ്ദാക്കി വാഷിംഗ്ടണിൽ തുടരുകയാണ്. 60 ടോമഹോക് ക്രൂസ് മിസൈലുകൾ വഹിക്കുന്ന യുഎസിന്‍റെ മിസൈൽ നശീകരണ കപ്പൽ യുഎസ്എസ് ഡോണാൾഡ് കുക്ക് മെഡിറ്ററേനിയനിൽ എത്തിയിട്ടുണ്ട്. ഫ്രാൻസിന്‍റെ യുദ്ധക്കപ്പലും മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്.

യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സിറിയയ്ക്കു സമീപം പറക്കുന്ന വിമാനങ്ങൾ ജാഗ്രത പാലിക്കാനുള്ള നിർദേശം യൂറോപ്യൻ വ്യോമസുരക്ഷാ ഏജൻസി പുറപ്പെടുവിച്ചിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +