ഇന്ത്യയ്ക്ക് പുതിയ ഗതിനിർണയ ഉപഗ്രഹം; ഐ.ആർ.എൻ.എസ്.എസ് 1 ഐ വിജയകരമായി ഭ്രമണപഥത്തിലെത്തി

ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ് 1 ഐ വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 4.04 നാണ് ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണകേന്ദ്രത്തിൽ നിന്ന് വിക്ഷേപണം നടത്തിയത്.

പിഎസ്എൽവി 41 എന്ന റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ഗതി നിർണ്ണയ ഉപഗ്രഹമായ ഐ.ആർ.എൻ.എസ്.എസ് 1 എയുടെ പ്രവർത്തനം തകരാറിൽ ആയതിനെത്തുടർന്നാണ് പുതിയ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. 7 ഉപഗ്രഹങ്ങളാണ് ഇന്ത്യയുടെ ഗതിനിർണ ഉപഗ്രഹ ശൃംഖലയിലുള്ളത്. മറ്റ് 6 ഉപഗ്രഹങ്ങളും ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

2013 ജൂലൈയിൽ വിക്ഷേപിച്ച ആദ്യ ഉപഗ്രഹത്തിന്റെ മൂന്ന് റുബീഡിയം അറ്റോമിക് ക്ലോക്കുകളുടെ പ്രവർത്തനമാണ് തകരാറിലായത്. തകരാറിലാകുന്ന ഉപഗ്രഹത്തിന് പകരക്കാരനെ ഐഎസ്ആർഒ പരീക്ഷിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ആഗസ്റ്റിൽ ഐ.ആർ.എൻ.എസ്.എസ് 1 എച്ച് വിക്ഷേപിച്ചെങ്കിലും ഉദ്യമം വിജയിച്ചില്ല. അന്ന് താപകവചത്തിൽ നിന്നും ഉപഗ്രഹം പുറത്തുവന്നില്ല.

രണ്ടാഴ്ച മുമ്പ് ജിഎസ്എൽവി മാർക്ക് 2 എന്ന ബഹിരാകാശ വാഹനത്തിന്റെ സഹായത്തോടെ വിക്ഷേപിച്ച ജിസാറ്റ് – 6എയുമായുള്ള ആശയവിനിമയം ഉപഗ്രഹം ഭ്രമണപഥത്തിലെത്തി രണ്ട് ദിവസത്തിന് ശേഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ ഇന്നത്തെ വിക്ഷേപണത്തിന് പ്രാധാന്യമുണ്ട്.

Topics: ,
Social Icons Share on Facebook Social Icons Share on Google +