മലയാളത്തിന് ദേശീയ പുരസ്‌കാര തിളക്കം; ജയരാജ് മികച്ച സംവിധായകൻ; ഫഹദ് ഫാസിൽ മികച്ച സഹനടൻ

മലയാളത്തിന് ദേശീയ പുരസ്‌കാര തിളക്കം. മികച്ച സംവിധായകൻ ജയരാജ്. മികച്ച സഹനടൻ ഫഹദ് ഫാസിൽ. പാർവ്വതിക്കും ടേക്ക് ഓഫിനും പ്രത്യേക പരാമർശം. തൊണ്ടി മുതലും ദൃക്‌സാക്ഷിയും മികച്ച മലയാളചിത്രം. യേശുദാസ് മികച്ച ഗായകൻ. മികച്ച അവലംബിത തിരക്കഥ സജീവ് പാഴൂരിന്. ആളൊരുക്കം സാമൂഹിക പ്രസക്തിയുള്ള ചിത്രം.

ദേശീയ പുരസ്‌കാര പ്രഭയിൽ മലയാള സിനിമ ഒരിക്കൽ കൂടി നിറഞ്ഞു നിൽക്കുകയാണ്. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥാകൃത്ത് എന്നിവ ഉൾപ്പെടെ പുരസ്‌കാരങ്ങളാണു മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരളത്തിലെത്തിച്ചു. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി താരം റിഥി സെൻ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. അസമിൽ നിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണു മികച്ച ചിത്രം.

2017ലെ ദാദാസാഹെബ് ഫാൽക്കെ പുരസ്‌കാരം വിനോദ് ഖന്നയ്ക്കാണ്. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണു മികച്ച ഗായകൻ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. ദിലീഷ് പോത്തന്‍റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ എസ്. പ്രവീണാണു മികച്ച ഛായാഗ്രാഹകൻ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഭയാനകത്തിനാണ്. ആളൊരുക്കം മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് നടി പാർവതിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച പ്രൊഡക്ഷൻ ഡിസൈനിങ്ങിനുള്ള പുരസ്‌കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസും പുരസ്‌കാരത്തിന് അർഹമായി. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണു സ്ലേവ് ജനസിസ്.

നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ചിത്രമായി ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ‘സ്വോർഡ് ഓഫ് ലിബർട്ടി – ദ ലൈഫ് ആൻഡ് ഡെത്ത് ഓഫ് വേലുത്തമ്പി ദളവ’ തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ രമേശ് നാരായണൻ നോൺ ഫീച്ചർ വിഭാഗത്തില്‍ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം നേടി.

ഭയാനകത്തിന് 2 ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ജയരാജ്. പെരിന്തൽമണ്ണയിൽ മാധ്യമങ്ങളോട് സംസാരിക്കുക അദ്ദേഹം. രണ്ടാം തവണയാണ് സംവിധാനത്തിൽ ജയരാജിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ആളൊരുക്കം തിരഞ്ഞെടുത്തിൽ അതിയായ സന്തോഷം ഉണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ വി.സി അഭിലാഷ്. ഇന്ദ്രൻസിന് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാ
യും അഭിലാഷ് വ്യകതമാക്കി.

മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃസാക്ഷിയും തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്ന് നിർമ്മാതാവ് സന്ദീപ് സേനൻ. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം തങ്ങൾക്ക് ലഭിച്ച വിഷു കൈനീട്ടമാണെന്നും, ഒരു കൂട്ടായ്മയുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +