കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് 25-ആം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ന്  ഇന്ത്യ 8 സ്വര്‍ണ്ണമാണ് നേടിയത്. ആകെ 25 സ്വര്‍ണവും 16 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 59 മെഡലുകളുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 72 സ്വര്‍ണം ഉള്‍പ്പെടെ 185 മെഡലുകളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 42 സ്വര്‍ണം ഉള്‍പ്പെടെ 122 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും തുടരുന്നു.

പുരുഷന്മാരുടെ ടേബിൾ ടെന്നീസ് ഡബിൾസിൽ ഇന്ത്യയുടെ ശരത് ആചാര്യ-സത്യൻ ജ്ഞാനശേഖരൻ സഖ്യത്തിന് വെള്ളി. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികൾ.

പുരുഷന്മാരുടെ ബോക്‌സിംഗ് 91 കിലോ വിഭാഗത്തിൽ സതീഷ് കുമാർ വെള്ളി കരസ്ഥമാക്കി.

ബോക്സിംഗ് പുരുഷവിഭാഗം  75 കിലോയില്‍ വികാസ് കൃഷ്ണന്‍ സ്വര്‍ണം നേടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകളുടെ എണ്ണം 25 ആയി.

മെഡലൊന്നും ഇല്ലാതെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് മടങ്ങും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 2-1 ന്  ഇന്ത്യ പരാജയപ്പെട്ടു. 1998ല്‍ മാത്രമാണ് ഇതിന് മുമ്പ് മെഡലൊന്നും ഇല്ലാതെ ഇന്ത്യയ്ക്ക് മടങ്ങേണ്ടിവന്നിട്ടുള്ളത്.

വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ മനിക ബത്രയ്ക്ക് സ്വര്‍ണം. സിംഗപ്പൂരിന്‍റെ മെംഗ്യു യുവിനെ രണ്ട് ഗെയിമിലും (2-0) പരാജയപ്പെടുത്തിയാണ് മനിക സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.  ഇതിലൂടെ മനിക സ്വന്തമാക്കുന്നത് കോമണ്‍വെല്‍ത്ത് ചരിത്രത്തില്‍ ഒരിടം കൂടിയാണ്.  ടേബിള്‍ ടെന്നീസ് സിംഗിള്‍സ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി, ചൈനക്കാരി അല്ലാത്ത ആദ്യ കളിക്കാരി എന്നീ പദവികള്‍ ഇനി മനികയ്ക്ക് സ്വന്തം.

സ്ക്വാഷ് മിക്സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ – സൌരവ് ഘോഷാല്‍ സഖ്യത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ബാഡ്മിന്‍റന്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ഒളിമ്പിക് താരങ്ങള്‍ നേര്‍ക്ക് നേര്‍. ഫൈനലില്‍ സൈന നെഹ്വാളും പി.വി. സിന്ധുവും ഏറ്റുമുട്ടും.

വനിത ഡബിള്‍സില്‍ അശ്വനി പൊന്നപ്പ – സിക്കി റെഡ്ഡി സഖ്യത്തിന് വെങ്കലം. ആസ്ട്രേലിയയുടെ സെത്യാന മാപാസ-ഗ്രോണ്യ സോമര്‍വില്ലേ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

ഫ്രീസ്റ്റൈല്‍ (നോഡിക്കല്‍) ഗുസ്തിയില്‍ ഇന്ന് ആകെ 2 സ്വര്‍ണവും 2 വെങ്കലവും ആണ് ലഭിച്ചത്. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷന്മാരുടെ 125കിലോയില്‍ സുമിതുമാണ് സ്വര്‍ണം നേടിയത്. ഈ സുവര്‍ണ നേട്ടത്തോടെ ഇടിക്കൂട്ടില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ബഹുമതിയും വിനേഷ് ഫോഗട്ട് സ്വന്തമാക്കി.

പുരുഷന്മാരുടെ 86 കിലോയില്‍ സോംവീറും വനിതകളുടെ 62 കിലോയില്‍ സാക്ഷി മാലിക്കും വെങ്കലം സ്വന്തമാക്കി.

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് സ്വർണം നേടിയത് 86.47 മീറ്റര്‍ കീഴടക്കിയാണ്.

പുരുഷന്മാരുടെ 1500 മീറ്ററില്‍ ഇന്ത്യയുടെ ജിന്‍സണ്‍ ജോണ്‍സന് നാഷണല്‍ റെക്കോഡ് സ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

നേരത്തെ, ഇടിക്കൂട്ടിൽ നിന്ന് ഇന്ത്യ ഇന്ന് രണ്ടു സ്വർണം നേടിയിരുന്നു. മേരികോമിനു പിന്നാലെ പുരുഷന്മാരുടെ 52 കിലോ വിഭാഗത്തിൽ ഗൗരവ് സോളങ്കിയും ഇടിക്കൂട്ടിൽനിന്നും സ്വർണം സ്വന്തമാക്കി. അഞ്ചു തവണ ലോകചാമ്പ്യനായ മേരികോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടാണ് സുവർണ നേട്ടം സ്വന്തമാക്കിയത്.

ഷൂട്ടിങിലാണ് മറ്റൊരു സ്വർണം നേടിയത്. 50 മീറ്റർ റൈഫിൾ വിഭാഗത്തിൽ സഞ്ജീവ് രാജ്പുത്ത് സ്വർണം നേടി.

Social Icons Share on Facebook Social Icons Share on Google +