ജലരഹിത ദിനം ഇന്ത്യൻ നഗരങ്ങളിലും വന്നേക്കാമെന്ന് റിപ്പോർട്ട്

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരത്തിന് സമാനമായി ഡേ സീറോ ഇന്ത്യൻ നഗരങ്ങളിലും വന്നേക്കാമെന്ന് റിപ്പോർട്ട്. 2013 മുതൽ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ അപഗ്രഥിച്ചാണു റിപ്പോർട്ട് തയാറാക്കിയത്.

പച്ചപ്പും ജലസമൃദ്ധിയും ഓർമകൾ മാത്രമാകാൻ അധികകാലം വേണ്ട; രാജ്യം വരണ്ടുണങ്ങാൻ പോവുകയാണെന്നു പഠന റിപ്പോർട്ടുകൾ പറയുന്നു. ലോകത്തിലെ മറ്റു പല പ്രദേശങ്ങളിലെന്ന പോലെ ഇന്ത്യയിലെ ഉറവകളും ജലസംഭരണികളും വറ്റുകയാണ്. പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂർണ വരൾച്ച’യിലേക്കു നീങ്ങുകയാണെന്നു ‘ദ് ഗാർഡിയൻ’ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കുടിക്കാൻ ഒരുതുള്ളി വെള്ളമില്ലാതെ മരണം മുന്നിൽക്കാണുന്ന ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരം പോലെ ‘ജലരഹിത ദിനം’ ഇന്ത്യൻ നഗരങ്ങളിലും വന്നേക്കാമെന്നാണു റിപ്പോർട്ട്. 2013 മുതൽ 2017 വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങൾ അപഗ്രഥിച്ചാണു റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്. മൊറോക്കോ, ഇറാഖ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും ജലലഭ്യത കുത്തനെ കുറയുന്നു. ലോകത്തിലെ അഞ്ചു ലക്ഷം ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുകയാണെന്നാണു സാറ്റലൈറ്റ് മുന്നറിയിപ്പു സംവിധാനത്തിലെ ഡേറ്റകൾ കാണിക്കുന്നത്. ഇന്ത്യയിലെ ജലസംഭരണികളും വരളുന്നു. അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലോപയോഗം, കാലാവസ്ഥാ വ്യതിയാനം, ജലം പാഴാക്കൽ തുടങ്ങിയവയാണ് വരൾച്ചയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ. ഈ അവസ്ഥ തുടർന്നാൽ അധികം വൈകാതെ ‘ജലരഹിത ദിനം’ എന്ന ദുരന്തം നേരിടേണ്ടി വരും.

Topics:
Social Icons Share on Facebook Social Icons Share on Google +