കോമൺവെൽത്ത് ഗെയിംസിൽ സൈനയ്ക്ക് സ്വർണം; ഗെയിംസിന് ഇന്ന് കൊടിയിറങ്ങും

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 26 സ്വർണം. 26 സ്വർണ്ണം ഉൾപ്പെടെ 62 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.

ഇന്ന് നടന്ന വനിത ബാഡ്മിന്റൻ സിംഗിൾസിൽ സൈന നെഹ്വാളിന് സ്വർണം. ഇന്ത്യൻ ഒളിമ്പിക് താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും ഏറ്റുമുട്ടിയ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് (21-18, 23-21) സൈന വിജയിച്ചത്.

ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ മനിക ബത്ര – സത്യൻ ജ്ഞാനശേഖരൻ സഖ്യത്തിന് വിജയം. വെങ്കല മെഡലിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ തന്നെ ശരത് അചന്ത – മൗമദാസ് സഖ്യത്തെയാണ് (3-0) മനിക-സത്യൻ സഖ്യം പരാജയപ്പെടുത്തിയത്.

21 ആം കോമൺ വെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ഓസ്‌ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മേരികോം ഇന്ത്യൻ പതാക ഏന്തും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോൾ കോസ്റ്റ് നഗരത്തിലെ കരാര സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് സമാപന സമ്മേളനം.

Social Icons Share on Facebook Social Icons Share on Google +