കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 26 സ്വർണം; ഗെയിംസിന് ഇന്ന് കൊടിയിറങ്ങും

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 26 സ്വർണം. മെഡല്‍വേട്ട അവസാനിക്കുമ്പോള്‍ 26 സ്വർണ്ണവും 20 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ്.

79 സ്വർണ്ണവും 59 വെള്ളിയും 60 വെങ്കലവും ഉൾപ്പെടെ 198 മെഡലുകളുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും 45 സ്വർണ്ണവും 45 വെള്ളിയും 46 വെങ്കലവും ഉൾപ്പെടെ 136 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ആണ്.

നാല് വർഷം മുമ്പ് 2014ൽ ഗ്ലാസ്‌ഗോയിൽ നടന്ന ഗെയിംസിലെ മെഡൽ നില ഏറെ മെച്ചപ്പെടുത്താനും ഇത്തവണ ഇന്ത്യൻ താരങ്ങൾക്കായി. 15 സ്വർണവും 30 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 64 മെഡലുകളാണ് ഗ്ലാസ്‌ഗോയിൽ ഇന്ത്യയ്ക്കുണ്ടായിരുന്നത്.

ബാഡ്മിന്‍റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് റാങ്കിറെഡ്ഡി – ചിരാഗ് ചന്ദ്രശേഖർ ഷെട്ടി സഖ്യത്തിന് വെള്ളി. ഇംഗ്ലണ്ടിന്‍റെ മാർകസ് എല്ലിസ് – ക്രിസ് ലാൻഗ്രിഡ്ജ് സഖ്യത്തെയാണ് സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്. ബാഡ്മിന്‍റൻ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് ഈ യുവതാരങ്ങൾ സ്വന്തമാക്കിയത്.

ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിടംബി ശ്രീകാന്തിന് വെള്ളി. മലേഷ്യൻ താരം ലീ ചോംങ് വെയ് ആണ് ആദ്യ സെറ്റ് നേടിയ ലോക ഒന്നാം നമ്പർ താരം ശ്രീകാന്തിനെ തകർത്ത് സ്വർണം സ്വന്തമാക്കിയത്.

സ്‌ക്വാഷ് വനിത ഡബിൾസിൽ ഇന്ത്യയുടെ ദിപിക പള്ളിക്കൽ-ജോഷ്‌ന ചിന്നപ്പ സഖ്യത്തിന് വെള്ളി.

ടേബിൾ ടെന്നീസ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശരത് അചന്ദയ്ക്ക് വെങ്കലം.

വനിത ബാഡ്മിന്‍റൻ സിംഗിൾസിൽ സൈന നെഹ്വാളിന് സ്വർണം. ഇന്ത്യൻ ഒളിമ്പിക് താരങ്ങളായ സൈന നെഹ്വാളും പി.വി. സിന്ധുവും ഏറ്റുമുട്ടിയ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് (21-18, 23-21) സൈന വിജയിച്ചത്.

ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ മനിക ബത്ര – സത്യൻ ജ്ഞാനശേഖരൻ സഖ്യത്തിന് വിജയം. വെങ്കല മെഡലിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ തന്നെ ശരത് അചന്ദ – മൗമദാസ് സഖ്യത്തെയാണ് (3-0) മനിക-സത്യൻ സഖ്യം പരാജയപ്പെടുത്തിയത്.

21 ആം കോമൺ വെൽത്ത് ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ഓസ്‌ട്രേലിയയിലെ ക്യൂൻസ് ലാൻഡിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മേരികോം ഇന്ത്യൻ പതാക ഏന്തും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗോൾ കോസ്റ്റ് നഗരത്തിലെ കരാര സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് സമാപന സമ്മേളനം. 2022ല്‍ ബര്‍മ്മിംഗ്ഹാമിലാണ് അടുത്ത ഗെയിംസ്.

Social Icons Share on Facebook Social Icons Share on Google +