ലോകസിനിമയിലെ ഹാസ്യത്തിന്‍റെ രാജാവ്, ചാര്‍ളി ചാപ്ലിന് 129 വയസ്

ലോകസിനിമയിലെ ഹാസ്യത്തിന്‍റെ രാജാവിന് 129 വയസ്. ട്രാമ്പ് എന്ന കഥാപത്രത്തിലൂടെ ഓരോ പ്രേക്ഷകന്‍റെയും മുഖത്ത് ചിരി വിരിയിച്ച ചാർളി ചാപ്ലിൻ എന്ന ഹാസ്യസമ്രാട്ടിന്റെ ജന്മദിനമാണിന്ന്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ ഹാസ്യത്തിൽ ചാലിച്ച് അവതരിപ്പിച്ചവയായിരുന്നു ചാപ്ലിന്‍റെ സിനിമകൾ.

ദുഖസാഗരത്തെ ഉള്ളിലൊതുക്കി ഒരു മനുഷ്യൻ ലോകത്തെ മുഴുവൻ ചിരിപ്പിച്ചു. തലയിലൊരു തൊപ്പിയും കയ്യിലൊരു വടിയും അദ്ദേഹത്തിന്‍റെ ഐഡന്‍റിറ്റിയായി. സ്‌ക്രീനിൽ തെളിയുമ്പോൾ മുതൽ ചിരി പടർത്തിയ അയാളെ ലോകം വിളിച്ചു. ചാർളി ചാപ്ലിൻ.

ജീവിതദുഃഖങ്ങളെയും നേരിട്ട പ്രതിസന്ധികളെ അതിന്‍റെ പുറത്തുനിന്നു നോക്കികണ്ട് ഹാസ്യത്തിന്‍റെ ക്ലാസിക് ഭാവങ്ങളാക്കി ചാപ്ലിൻ അവതരിപ്പിച്ചു. ഹാസ്യസമ്രാട്ട് എന്ന വിശേഷണത്തിന് ചാർലി ചാപ്‌ളിൻ എന്ന ഇതിഹാസ ഹാസ്യതാരമല്ലാതെ യോഗ്യനായ മറ്റാരുണ്ട്. 1889 ഏപ്രിൽ 16 ന് ബ്രിട്ടനിലെ ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ചാൾസ് സ്‌പെൻസർ ചാപ്‌ളിൻ ചെറുപ്പകാലം ചെലവഴിച്ചതു പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിലാണ്.

12-ആം വയസിൽ കോമാളിയുടെ വേഷംകെട്ടി മറ്റുള്ളവരെ ചിരിപ്പിക്കാൻ ആരംഭിച്ച ആ മഹാനടൻ ഭാഷകൾക്ക് അതീതനായി ലോകത്തിന്‍റെ എല്ലാ കോണുകളിലുമുള്ളവരെ ഒരു പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

രൂപത്തിൽ ഏറെ സാമ്യം തോന്നുന്ന എന്നാല്‍ പ്രവൃത്തിയിലും സ്വഭാവത്തിലും ഏറെ വൈരുധ്യവുമുള്ള അഡോൾഫ് ഹിറ്റ്‌ലറിന്‍റെയും ചാർളി ചാപ്ലിന്‍റെയും ജന്മദിനങ്ങൾ തമ്മിൽ നാലു ദിവസത്തിന്‍റെ വ്യത്യാസമേയുള്ളൂ. പക്ഷേ വ്യത്യാസം വളരെ വലുതായിരുന്നു. ഒരാൾ ക്രൂരതയുടെ പര്യായമായിരുന്നെങ്കിൽ മറ്റെയാൾ ശുദ്ധഹാസ്യത്തിന്‍റെ ആൾരൂപമായി മാറി. ഹിറ്റ്‌ലറുടെ ജീവിതം ചാപ്ലിൻ സിനിമയാക്കിയപ്പോൾ അദ്ദേഹത്തിന് ജർമനി തന്നെ വിട്ടു പോകേണ്ടിവന്നു.

82-ഓളം സിനിമകൾ എഴുതി, സംവിധാനം ചെയ്ത് അതിൽ അഭിനയിച്ചു. 500-ൽപ്പരം മെലഡികൾ ഉണ്ടാക്കി. ടൈം വാരികയുടെ കവർപേജിൽ പ്രത്യക്ഷപ്പെട്ട ആദ്യ നടനും ചാപ്ലിൻ തന്നെ. സിനിമകളിൽ അദ്ദേഹം എപ്പോഴും ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥിരവേഷമായ തൊപ്പിയും വടിയും ലേലത്തിൽ പോയത് ഒരു ലക്ഷത്തി അമ്പതിനായിരം ഡോളറിനാണ്. ഹാസ്യത്തിന്‍റെ മേമ്പൊടി ചേർത്ത് ചാപ്ലിൻ വിളമ്പിയ ഓരോ ചിത്രത്തിലും ആവോളം ചിരിയും ചിന്തയുമടങ്ങിയിരുന്നു. ഗൗരവത്തോടെ ജീവിതത്തെ കണ്ടിരുന്ന ഒരു തികഞ്ഞ മനുഷ്യസ്‌നേഹി കൂടിയായിരുന്നു ചാർളി ചാപ്ലിൻ. ദ്രോഹം ചെയ്യുന്നതിനാണ് അധികാരം വേണ്ടത്. നല്ല കാര്യങ്ങൾ നടപ്പിലാക്കുന്നതിനു സ്‌നേഹം തന്നെ ധാരാളമെന്ന ചാർളി ചാപ്ലിന്‍റെ വാക്കുകൾ പ്രാവർത്തികമാക്കാൻ ഓരോരുത്തർക്കും കഴിയട്ടെ.

Social Icons Share on Facebook Social Icons Share on Google +