ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി

സംസ്ഥനത്ത് സർക്കാർ ഡോക്ടർമാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ചികിൽസ കിട്ടാതെ രോഗികൾ ദുരുതത്തിലാണ്. വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ സ്തംഭിച്ച അവസ്ഥയിലാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ അസാന്നിധ്യം ശസ്ത്രക്രിയകളും മുടക്കിയിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസമായി ഇതാണ് അവസ്ഥ. ചികിൽസ കിട്ടാതെ നരക ജിവിതം നയിക്കുകയാണ് സംസ്ഥനത്തെ വിവിധ ആശുപത്രികളിൽ എത്തുന്ന രോഗികൾ.പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ പലതും അടച്ചു പൂട്ടിയത് പോലെയാണ്. മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ വച്ചും മെഡിക്കൽ വിദ്യാർത്ഥികൾ ഉപയോഗിച്ചുമാണ് സമരത്തെ സർക്കാർ നേരിടുന്നത്.എന്നാൽ ഇവിടെയെല്ലാം ഒപി കൗണ്ടറുകൾ തുറന്നിട്ടുമില്ല.
വിട്ടു വീഴ്ചയില്ലെന്ന നിലപാടിൽ ഡോക്ടർമാരും സർക്കാരും ഉറച്ച് നിൽക്കുകയാണ്. ഇനിയും ഈ അവസ്ഥ തുടർന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും ഒരു ഡോക്ടറെ സസ്‌പെൻഡ് ചെയ്തതിലും വൈകുന്നേരത്തെ ഒപി സമയം ദീർഘിപ്പിച്ചതിലും പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്.

അതേസമയം, ഡോക്ടർമാരുടെ സമരം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സമരത്തെ ശക്തമായി നേരിടും. സമരം നിർത്തിയാൽ മാത്രമെ ചർച്ചക്ക് സർക്കാർ തയ്യാറാവുകയുളളു. നോട്ടീസ് നൽകാതെയാണ് ഡോക്ടർമാർ സമരം നടത്തുന്നതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

എന്നാല്‍ പ്രതികാര നടപടിയിലൂടെ സമരത്തെ നേരിടാമെന്ന് സർക്കാർ കരുതേണ്ടെന്ന് കെ. ജി.എം.ഒ.എ. സമരത്തിന് നോട്ടീസ് നൽകിയില്ല എന്നത് തെറ്റായ പ്രചരണം. സമരവുമായി മുന്നോട്ട് പോകുമെന്നും കെ.ജി.എം.ഒ.എ ഭാരാവാഹികൾ തിരുവനന്തപുരത്ത് പറഞ്ഞു

Social Icons Share on Facebook Social Icons Share on Google +