വരാപ്പുഴ കസ്റ്റഡി മരണം : ശ്രീജിത്തിന്‍റെ മരണ കാരണം വയറിനേറ്റ കടുത്ത മര്‍ദ്ദനം

വരാപ്പുഴയിൽ പോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച് മരിച്ച ശ്രീജിത്തിന്‍റെ മരണത്തിന് കാരണമായത് വയറിനേറ്റ കടുത്ത മര്‍ദ്ദനം. ശ്രീജിത്ത് മരണപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ചികിത്സാരേഖകളിലാണ് ഇക്കാര്യമുള്ളത്. മർദ്ദനമേറ്റത് ലോക്കപ്പിനുള്ളിൽ വച്ച് തന്നെ എന്ന് ഉറപ്പിക്കാവുന്ന ശ്രീജിത്തിന്‍റെ ചിത്രവും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്.

എട്ടാം തീയതി പുലര്‍ച്ചെയോടെയാണ് അവശനിലയില്‍ ശ്രീജിത്തിനെ ഈ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലായിരുന്നു. ശാരീരിക അവയവങ്ങളെല്ലാം ഏതാണ്ട് പ്രവര്‍ത്തനരഹിതമായ അവസ്ഥയിലേക്കെത്തിയിരുന്നു. വയറില്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിപ്പാടുകളുമുണ്ടായിരുന്നു. വയറിനുള്ളില്‍ മുറിവേറ്റ് പഴുപ്പ് വന്ന അവസ്ഥയിലുമായിരുന്നു.

ഈ പഴുപ്പ് ആന്തരിക അവയവങ്ങളിലേക്ക് പടര്‍ന്നതാണ് ശ്രീജിത്തിന്‍റെ മരണകാരണമെന്ന അഭിപ്രായമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഫോറന്‍സിക് വിദഗ്ദ്ധരും മൊഴി നൽകിയത്. തുടർച്ചയായി മര്‍ദ്ദിച്ചതിനാലാണ് വയറില്‍ ഇത്തരം പാടുകള്‍ വരുന്നത്. ചെറുകുടല്‍ വരെ തകര്‍ന്നു എന്നതില്‍ തന്നെ ശ്രീജിത്തിനേല്‍ക്കേണ്ടി വന്ന മര്‍ദ്ദനത്തിന്‍റെ ആഴം വ്യക്തമാണ്. ഇതിനിടയിൽ ശ്രീജിത്തിന് മർദനമേറ്റത് ലോക്കപ്പിൽ വച്ച് തന്നെയാണ് എന്നതിന്‍റെ തെളിവുകളും പുറത്തായി. ലോക്കപ്പിൽ വച്ച് എടുത്ത ഒരു ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ ശ്രീജിത്തിന് പുറമെ പരിക്കുകളോ അവശതയോ കാണാനില്ല. നേരത്തെ നടന്ന വീടാക്രമണ സമയത്ത് പറ്റിയ പരിക്കുകളാണ് ശ്രീജിത്തിനുണ്ടായതെന്ന പോലീസ് വാദവും ഇതോടെ പൊളിഞ്ഞു. പൂർണ്ണമായും പ്രതിരോധത്തിലായ പോലീസ് സേനയുടെ മുഖം രക്ഷിക്കാൻ എന്ത് നടപടി വേണം എന്ന ആലോചനയിലാണ് അന്വേഷണ സംഘം ഇപ്പോൾ. പറവൂർ സി ഐ, വാരപ്പുഴ എസ് ഐ എന്നിവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്. ഉടൻ തന്നെ ഈ കേസിൽ അറസ്റ്റുകൾ നടത്താനും അന്വേഷണ സംഘത്തിന് മേൽ സമ്മർദവുമുണ്ട്.

Social Icons Share on Facebook Social Icons Share on Google +