സൂറത്ത് കേസ് : പൊലീസും സര്‍ക്കാരും ഇരുട്ടില്‍ തപ്പുന്നു; പീഡനത്തിനിരയായി മരിച്ച കുട്ടി അജ്ഞാതയായി തുടരുന്നു

സൂറത്തില്‍ 11കാരിയുടെ മൃതദേഹം കണ്ടെടുത്ത കേസില്‍ പൊലീസും സര്‍ക്കാരും ഇരുട്ടില്‍ തപ്പുന്നു.  കൊടും ക്രൂരതയ്ക്കും പീഡനത്തിനും ഇരയായി മരിച്ച കുട്ടി ഇപ്പോഴും അജ്ഞാതയായി തുടരുന്നു.

സൂറത്തില്‍ നിന്നും ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ ബാലികയെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി  പി.എസ്. ജഡേജ പറഞ്ഞു. പൊലീസിന് ഇതുവരെയും കുട്ടിയെയോ മാതാപിതാക്കളെയോ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചില്ലെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോള്‍ വിശദാംങ്ങളും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.  കുട്ടി ഒഡീഷക്കാരിയാണെന്ന് സംശയിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഒഡിഷ ഡിജിപിയുമായി ബന്ധപ്പെട്ട് കാണാതായ  8,000 ത്തോളം കുട്ടികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയെന്നും വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച രാത്രിയിലാണ് ഏകദേശം 11 വയസ്സ് പ്രായം വരുന്ന  ബാലികയുടെ മൃതദേഹം കണ്ടെത്തിയത്.  ക്രൂര പീഢനത്തിന് ശേഷമാണ് ബാലിക കൊല്ലപ്പെട്ടതെന്നാണ്  റിപ്പോർട്ട്. സ്വകാര്യ ഭാഗങ്ങളിലേതുള്‍പ്പെടെ 86 മുറിവുകളുമായാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയോളം പെൺകുട്ടി മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാമെന്നും അതിന് ശേഷം കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയും സ്ഥിരീകരണവും ഉണ്ടാകുവെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പീഡനത്തിനിരയായ കുഞ്ഞിനെ തിരിച്ചറിയാനായിട്ടില്ലെന്നും പരാതിയുമായി ഇതുവരെ ആരും എത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Social Icons Share on Facebook Social Icons Share on Google +