കത്വ കേസ് : സുപ്രീംകോടതി ജമ്മു-കശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

കത്വ കേസ് ചണ്ഡീഗഡിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പീഡനത്തിന് ഇരയായി മരിച്ച കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ജമ്മു-കശ്മീര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ഏപ്രില്‍ 27ന് മുമ്പ് വിശദീകരണം നല്‍കണം.

കുട്ടിയുടെ കുടുംബത്തിനും അഭിഭാഷക ദീപിക രജവത്തിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്താനും അവരുടെ സുരക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

കത്വ സെഷന്‍സ് കോടതിയിലെ അന്തരീക്ഷം ന്യായമായ വിചാരണയ്ക്ക് അനുകൂലമല്ലെന്ന് കുട്ടിയുടെ പിതാവിന് വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷക ഇന്ദിര ജയ്സിംഗ് കോടതിയെ ബോധിപ്പിച്ചു.

തങ്ങളുടെ സുരക്ഷയ്ക്ക് പുറമെ ജുവനൈല്‍ ഹോമില്‍ കഴിയുന്ന പ്രതിയുടെ സുരക്ഷയിലുള്ള ആശങ്കയും വാദിഭാഗം കോടതിയില്‍ രേഖപ്പെടുത്തി. നിലവില്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള 8 പേരില്‍ ഒരാളാണ് ജുവനൈല്‍ ഹോമില്‍ ഉള്ളത്.

കേസില്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടവും വാദിഭാഗം ആവശ്യപ്പെടും.

ഇതിനിടെ കേസ് നടത്തിപ്പില്‍ വാദിഭാഗം അഭിഭാഷകയ്ക്ക് നേരിടേണ്ടി വന്ന തടസ്സങ്ങളുടെയും തുടര്‍ന്നുണ്ടായ മറ്റ് സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ സുപ്രീംകോടതിയ്ക്ക് പുറത്ത് അഭിഭാഷകര്‍ പ്രതിഷേധിച്ചു. തൊഴില്‍പരമായ നീതിയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

അതേസമയം, കേസില്‍ കത്വ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 28 ലേയ്ക്ക് മാറ്റി. കേസിലെ എല്ലാ പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതിനിടെ പീഡനക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ഏപ്രില്‍ 12 ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരാഴ്ചക്കാലം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ തടവിലാക്കപ്പെട്ട കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ഒടുവിൽ കൊല്ലപ്പെടുകയുമായിരുന്നു.

Social Icons Share on Facebook Social Icons Share on Google +