സ്വീഡന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ന് യൂറോപ്പിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിവസത്തെ യൂറോപ്പ് സന്ദർശനത്തിന് ഇന്ന് തുടക്കം. കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ മോദി പങ്കെടുക്കും. അതേസമയം നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുണ്ട്.

ന്യൂനപക്ഷ പീഡനത്തിന്റെയും കശ്മീർ വിഷയത്തിന്‍റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരിൽ മോദിക്കെതിരേ പ്രതിഷേധിക്കാനും വിവിധ സംഘടനകൾ രംഗത്തുണ്ട്.

തിങ്കളാഴ്ച സ്വീഡനിലെത്തിയ പ്രധാനമന്ത്രി ഇന്തോ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുത്തശേഷം ഇന്നു വൈകിട്ടാണു ലണ്ടനിലെത്തുക. 20,000 വരുന്ന ഇന്ത്യൻ സമൂഹമാണ് സ്വീഡനിലുള്ളത്. ഇവരുടെ പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയം നടത്തി.

കോമൺവെൽത്ത് ഹെഡ്‌സ് ഓഫ് ഗവൺമെന്റ് മീറ്റിങ്ങ് ആണ് മോദിയുടെ ബ്രിട്ടനിലെ പ്രധാന ഔദ്യോഗിക പരിപാടി. 2009നു ശേഷം ആദ്യമായാണ് കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. സമ്മേളനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുമായി മോദി ചർച്ച നടത്തും. വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ ആയുർവേദിക് സെന്‍റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും പ്രധാനമന്ത്രി സന്ദർശനത്തിനിടെ ഒപ്പുവയ്ക്കും. കോമൺവെൽത്തിന്‍റെ ഭാവി ഉൾപ്പെടെയുള്ള നിർണായകമായ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന സമ്മേളനമാണ് ലണ്ടനിൽ നടക്കുന്നത്.

Topics:
Social Icons Share on Facebook Social Icons Share on Google +