ഇറ്റാവയിൽ നിന്ന് കൊലപാതകത്തിന്റെ മറ്റൊരു കഥ കൂടി പുറത്തെത്തുന്നു. 17 ഉം 13ഉം വയസ്സുള്ള സഹോദരികളെയാണ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകിട്ട് നടക്കാനിറങ്ങിയ സഹോദരിമാർ തിരിച്ചെത്തിയില്ല. ഗ്രാമത്തിൽ ഒരു വിവാഹം നടക്കുന്നതിനാൽ അവിടെ അതിൽ പങ്കെടുക്കുന്നതാകുമെന്നായിരുന്നു വീട്ടുകാരുടെ ആശ്വാസം. വൈകിയും കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ ഇന്ന് രാവിലെ ഗ്രാമത്തിൽ നിന്നും 500 മീറ്റർ അകലെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല. ശത്രുക്കൾ ആരും ഇല്ലാത്ത തന്റെ കുട്ടികളെ എന്തിനു വേണ്ടി കൊലപ്പെടുത്തിയെന്ന് അറിയണമെന്ന് മാതാപിതാക്കളും ഗ്രാമവാസികളും ആവശ്യപ്പെടുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ മാതാപിതാക്കൾക്കൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ഥലത്തിന് 100 കിലോമീറ്റർ മാത്രം അകലെയായാണ് ഈ സംഭവവും നടന്നത്.
കൊലപാതക പരമ്പര ആവർത്തിക്കുന്നതോടെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ജനരോക്ഷം തടയാൻ പാടുപെടുകയാണ്.