പ്രപഞ്ച രഹസ്യത്തിന് നേരെ പുതിയ ജാലകം തുറന്ന് നാസ; ടെസ്സ് വിക്ഷേപണം വിജയം

ഗ്രഹങ്ങളെ കണ്ടെത്താനുള്ള പുതിയ കണ്ണ്, ടെസ്സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസിറ്റിങ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റിന്റെ വിക്ഷേപണം നാസ വിജയകരമായി പൂർത്തിയാക്കി. ബുധനാഴ്ച ഫ്‌ളോറിഡയിലെ കേപ് കാനവറലിൽ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൻ 9 ടെസ്സുമായി അന്തരീക്ഷത്തിലേയ്ക്ക് കുതിക്കുമ്പോൾ ശാസ്ത്രലോകത്തിന്റെ പക്കൽ ഉള്ളത് സൗരയൂഥത്തിന് പുറത്തുള്ള 4,000ത്തോളം അന്യഗ്രഹങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ മാത്രമാണ്. അതിന്റെ 5 മടങ്ങിലേറെ വിവരങ്ങൾ നൽകാൻ ടെസ്സിന് കഴിയുമെന്നാണ് ഈ പദ്ധതിയ്ക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
എക്‌സോ പ്ലാനറ്റ് എന്ന് ശാസ്ത്രസമൂഹം വിശേഷിപ്പിക്കുന്ന, സൗരയൂഥത്തിനു പുറത്ത് ഏതെങ്കിലും നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന, ഗ്രഹങ്ങളെ കണ്ടെത്തി അവയെ നിരീക്ഷിക്കുക, അവയിലെ ജീവന്റെ സാധ്യത അന്വേഷിക്കുക തുടങ്ങി സുപ്രധാന ഉദ്യമങ്ങളമാണ് ടെസ്സിന് നിർവഹിക്കാൻ ഉള്ളത്. അതീവ ഗൗരവത്തോടെയും ആകാംഷയോടെയുമാണ് ടെസ്സിന്റെ പ്രവർത്തനത്തെ ലോകം വീക്ഷിക്കുന്നത്.

പ്രപഞ്ചത്തിന് നേരെ തുറന്നു പിടിച്ചിരിക്കുന്ന ഒരു പുതിയ ജാലകം എന്നാണ് ടെസ്സിനെ ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ജോർജ്ജ് റിക്കർ വിശേഷിപ്പിച്ചത്.

Social Icons Share on Facebook Social Icons Share on Google +