കേരളത്തിന് കനത്ത തിരിച്ചടിയായി സിപിഎം രാഷ്ട്രീയ പ്രമേയം

സാഹചര്യത്തിനനുസരിച്ച് കോൺഗ്രസുമായി ബന്ധമുണ്ടാക്കാനുള്ള തീരുമാനമെടുക്കാൻ കേന്ദ്രകമ്മിറ്റിക്ക് അധികാരം നൽകുന്നതാണ് പാർടി കോൺഗ്രസ് പാസാക്കിയ രാഷ്ട്രീയ പ്രമേയം. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് പ്രമേയം ആശ്വാസമാകുമ്പോൾ, കേരളത്തിന് കനത്ത തിരിച്ചടിയിരിക്കുകയാണ് രാഷ്ട്രീയ പ്രമേയം. അതിനിടെ, രാഷ്ട്രീയ പ്രമേയത്തിൽ യെച്ചൂരിയുടെ വാദങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് ബൃന്ദാകാരാട്ട് പറഞ്ഞു.

പാർടികോൺ്ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയമുണ്ടാക്കിയ ആശയകുഴപ്പത്തിലാണ് പ്രതിനിധികൾ. യച്ചൂരിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുകയല്ല, തർക്ക ഭാഗം മാറ്റിയെഴുതുകയാണ് ചെയ്തതെന്ന് ബൃന്ദാകാരാട്ട് പറയുമ്പോൾ ഇരുപക്ഷവും തമ്മിലുള്ള തർക്കം തുടരുന്നു എന്ന് വ്യക്തം.

കോൺഗ്രസുമായി ധാരണ പാടില്ലെന്ന കരട് പ്രമേയത്തിലെ ഭാഗം നീക്കിയപ്പോൾ, ഫലത്തിൽ ധാരണയാകാമെന്ന് വ്യക്തം. എന്നാൽ സഖ്യം പാടില്ലെന്ന് പ്രമേയം പറയുന്നു. പക്ഷെ പ്രാദേശിക തലത്തിൽ സഖ്യമാവുകയുമാവാം. രാഷ്ട്രീയ പ്രമേയത്തിൽ പ്രതിനിധികൾക്കിടയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പം മാറ്റാൻ പോലും നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എന്തായാലും പ്രമേയം കേരളത്തിലെ പാർടിക്ക് തിരിച്ചടിയാണെങ്കിലും മറ്റ് സംസ്ഥാന ഘടകങ്ങൾക്ക് ആശ്വാസംനൽകുന്നു. പാർടി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തിൽ കോൺഗ്രസ് മുന്നണിയുമായി നേരിട്ടേറ്റുമുട്ടുമ്പോൾ, മറ്റിടങ്ങളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുന്ന സാഹചര്യം അണികളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന ആശങ്കയും കേരള നേതാക്കൾക്കുണ്ട്. പ്രാദേശിക തലത്തിൽ ആവശ്യമെങ്കിൽ കോൺ്ഗ്രസുമായി ധാരണയാകാമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് തന്നെ വ്യക്തമാക്കുന്നു.

പാർടിയുടെ അടിത്തറ തകർന്നു എന്ന് സംഘടനാ റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുള്ള സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രമേയത്തിന്‍റെ പ്രസക്തി. രാജ്യത്താകെ 3 ലക്ഷത്തിലധികം അംഗങ്ങൾ പാർടിവിട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് കോൺഗ്രസുമായി സഖ്യമില്ലാതെ -പിന്തുണ സ്വീകരിക്കുകയോ, നൽകുകയോ ചെയ്യാനാകും. മുഖ്യശത്രുവായ ബിജെപിയെ നേരിടാൻ ഒറ്റക്ക് സാധിക്കാത്ത സ്ഥലങ്ങളിൽ കോൺഗ്രസുമായോ- പ്രാദേശിക പാർടികളുമായോ സഖ്യമാകാമെന്ന 17-ആം പാർടികോൺഗ്രസിലെ രാഷ്ട്രീയ തീരുമാനമാണ് ഇത്തവണയും ആശയക്കുഴപ്പങ്ങളുണ്ടാക്കി അവതരിപ്പിച്ചിരിക്കുന്നത്. അതിനിടെ യച്ചൂരിയുടെ ബദൽ നിർദ്ദേശം അംഗീകരിക്കുകയല്ല കരട് പ്രമേയത്തിലെ തർക്കമുള്ള വാക്കുകൾ മാറ്റിയെഴുതുക മാത്രമാണ് ചെയ്തതെന്ന് ബൃന്ദാകാരാട്ട് പറഞ്ഞതോടെ ഇരു പക്ഷവും തമ്മിലുള്ള തർക്കം നേതാക്കൾക്കിടയിൽ തുടരുന്നുവെന്ന് വ്യക്തം.

Topics:
Social Icons Share on Facebook Social Icons Share on Google +