കാബൂള്‍ ഭീകരാക്രമണത്തില്‍ മരണം 63 ആയി

അഫ്ഗാനിസ്ഥാനിൽ ഇന്നലെയുണ്ടായ ചാവേറാക്രമണങ്ങളിൽ മരണം 63 ആയി. നിരവധി പേർക്ക് ഗുരുതരപരിക്ക്. വോട്ടർ രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് അധികൃതർ. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.

ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിന്റെ കവാടത്തിൽവെച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് കാബൂൾ പോലീസ് മേധാവി മുഹമ്മദ് ദാവൂദ് അമീൻ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു.

ബഗ്‌ലാൻ പ്രവിശ്യയിലുണ്ടായ മറ്റൊരു സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആറുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇരു സ്‌ഫോടനങ്ങളിലുമായി നൂറിലേറെ പേർക്ക് ഗുരുതര പരിക്കേറ്റിറ്റുണ്ട്.

അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐ.എസ് വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. ഐ.എസിന്റെ ഔദ്യോഗിക ഓൺലൈൻ ന്യൂസ് പോർട്ടലായ അമഖിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂനപക്ഷവിഭാഗമായ ഷിയകൾ കൂടുതലായി അധിവസിക്കുന്ന പടിഞ്ഞാറൻ കാബൂളിലെ ഡഷ് ഇ ബർച്ചി മേഖലയിലാണ് ചാവേറാക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ചയും സമാനമായ ആക്രമണങ്ങൾ പ്രദേശത്ത് അരങ്ങേറിയിരുന്നു.

Topics: ,
Social Icons Share on Facebook Social Icons Share on Google +