ബിജെപി ഇനി അധികാരത്തിൽ എത്താൻ കോൺഗ്രസ് അനുവദിക്കില്ല : പി.ചിദംബരം

തിരുവനന്തപുരം : രാജ്യത്ത് വർഗ്ഗീയ ഫാസിസം വളരുകയാണെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം പറഞ്ഞു. സമൂഹത്തിലെ എല്ലാ തലങ്ങളിലും ഭീതി പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതാക്കൾ സ്വപ്‌നം കണ്ട ഇന്ത്യ ഇതല്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു. അക്രമരാഷ്ട്രീയത്തിനും വർഗീയ ഫാസിസത്തിനുമെതിരേ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വർഗ്ഗീയ സംഘർഷം രൂക്ഷമെന്നും ഇതിനെല്ലാം അവസാനം കുറിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. പേടിയോടെ മാത്രമേ ഇന്ത്യയിൽ ജീവിക്കാൻ കഴിയൂവെന്നും രാജ്യത്ത് കുട്ടികൾക്ക് പോലും ജീവിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി ഇനി അധികാരത്തിൽ എത്താൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ചിദംബരം പറഞ്ഞു.

സ്വന്തം അജണ്ട നടപ്പിലാക്കാൻ കേന്ദ്രം സംസ്ഥാന പദ്ധതികളെല്ലാം അട്ടിമറിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന മോദി സർക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കാട്ടുന്ന വിവേചനത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഇന്ധന വിലർദ്ധനവിന് കേന്ദ്രത്തിന് ഒരു ന്യായീകരണവുമില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത റെയിൽവേയിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരാനാണ് മോദിസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Social Icons Share on Facebook Social Icons Share on Google +