ബിജെപിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

കർണാടകയെ കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതു സംസ്ഥാനത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു. അതേസമയം കർണാടകയിൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്നു വീണ്ടുമെത്തും.

ഖനി വിവാദത്തിലകപ്പെട്ട റെഡ്ഡി സഹോദരന്മാർക്കും അനുയായികൾക്കുമായി സീറ്റുകൾ നൽകി ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിമർശനം. അധികാരത്തിരിക്കുമ്പോൾ ബി.എസ്. യെഡിയൂരപ്പയും റെഡ്ഡി സഹോദരങ്ങളും കർണാടകയെ കൊള്ളയടിച്ചു. ഞങ്ങളുടെ സർക്കാർ വന്നാണ് അവരെ നീതിക്കുമുന്നിൽ കൊണ്ടുവന്നത്.

ഇപ്പോൾ മോദി, അവരിൽ എട്ടുപേരെ ജയിലിൽനിന്നു വിധാൻ സഭയിലേക്ക് എത്തിക്കാനാണു ശ്രമിക്കുന്നത്. ഇതു സത്യസന്ധരായ പൗരന്മാരെ അപമാനിക്കലാണ്. കർണാടകയ്ക്കും ബസവന്നയുടെ ആത്മാവിനുമെതിരാണ് ഇതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കറപുരണ്ട സ്ഥാനാർഥികളെയാണ് ബിജെപി നിർത്തിയിരിക്കുന്നതെന്ന വാദം മുൻനിർത്തിയാണ് രാഹുൽ പ്രചാരണം നടത്തുന്നത്. മേയ് 12നാണ് കർണാടക തിരഞ്ഞെടുപ്പ്. 15നാണ് ഫലപ്രഖ്യാപനം.

Topics:
Social Icons Share on Facebook Social Icons Share on Google +