കുവൈറ്റ് – ഫിലിപ്പീൻസ് നയതന്ത്രബന്ധം വഷളായി; ഫിലിപ്പീൻസുകാർ നാട്ടിലേക്ക് മടങ്ങാന്‍ നിർദേശം


കുവൈത്തിലുള്ള മുഴുവൻ ഫിലിപ്പീൻസുകാരും തിരികെ വരണമെന്ന് ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡീഗ്രോ ഡ്യൂടേർട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പീൻസ് പ്രസിഡന്‍റിന്‍റെ ആഹ്വാനം.

ദക്ഷിണേഷ്യൻ നേതാക്കളുടെ ഉച്ചകോടിക്കായി സിംഗപ്പൂരിലുള്ള ഫിലിപ്പീൻസ് പ്രസിഡന്‍റ് ആറായിരത്തോളം ഫിലിപ്പീൻസുകാരെ അഭിസംബോധന ചെയ്യവെയാണ് കുവൈത്തിലുള്ള 2,60,000 ഫിലിപ്പീൻസുകാരും സ്വദേശത്തേക്ക് തിരിച്ചുവരണമെന്ന് അഭ്യർഥിച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഫിലിപ്പീൻസ് പ്രസിഡന്‍റിന്‍റെ ആഹ്വാനം. കുവൈത്തിലെ സ്വദേശി ഭവനത്തിൽനിന്ന് ഫിലിപ്പീൻസുകാരിയായ ഗാർഹിക തൊഴിലാളിയെ ഫിലിപ്പീൻസ് എംബസി ഉദ്യോഗസ്ഥർ വിളിച്ചുകൊണ്ടു പോയതാണ് ബന്ധം വഷളാകാൻ കാരണം. സംഭവവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്ത കുവൈത്ത് അധികൃതർ ഫിലിപ്പീൻസ് സ്ഥാനപതിയെ പുറത്താക്കാനും തീരുമാനിച്ചിരുന്നു. ദേശസ്‌നേഹത്തിന്‍റെ വെളിച്ചത്തിൽ എല്ലാവരും തിരികെ വരണമെന്നും രാജ്യത്ത് ഒട്ടേറെ തൊഴിലവസരങ്ങൾ ഉണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. ‘മോശപ്പെട്ട വാർത്ത പങ്കുവയ്ക്കാനുണ്ട്’ എന്ന മുഖവുരയോടെയായിരുന്നു പ്രസിഡന്‍റ് റോഡീഗ്രോ നാട്ടുകാരോടു സംവദിച്ചത്.

കുവൈത്തിലേക്ക് തൊഴിൽതേടി പോകുന്നതിന് നിരോധനം പ്രഖ്യാപിച്ചതു തൊട്ട് എല്ലാവരോടും തിരിച്ചുവരാൻ ആവശ്യപ്പെടുന്നുണ്ട്. കുവൈത്തിലുള്ളവരെ തിരിച്ചുകൊണ്ടുവരുന്നതിനായി പണം ശേഖരിക്കും. ചൈനയിൽനിന്ന് അതിനാവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്.
മുഴുവൻ ഫിലിപ്പീൻസുകാരെയും രാജ്യത്ത് തിരിച്ചെത്തിച്ച ശേഷമാകും കുവൈത്തുമായുള്ള ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലുള്ള ഫിലിപ്പീൻസുകാർക്ക് ഇക്കാലമത്രയും നൽകിയ സഹായത്തിന് കുവൈത്തിനോട് നന്ദിയുണ്ട്.നല്ല അയൽപക്കവും സൗഹൃദവും എന്നതിലുപരി ഫിലിപ്പീൻസിൽനിന്നുള്ള സഹോദരീ സഹോദരന്മാരെ സ്വീകരിച്ച രാജ്യവുമായുള്ള ബന്ധം തകർക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല.

അതേസമയം ഫിലിപ്പീൻസുകാർക്കെതിരെ കുവൈത്തിൽ സംഭവിക്കുന്നതിനോട് യോജിക്കാനുമാകില്ല. നിഷ്‌ക്രിയനായിരിക്കാനും കഴിയില്ല. ഫിലിപ്പീൻസുകാരെ സ്വദേശത്ത് തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ബാങ്ക് കൊള്ളയടിക്കാൻ തയാറാണെന്നും ഒരു ഘട്ടത്തിൽ പ്രസിഡന്റ് പറഞ്ഞു. തന്‍റെ മനസ്സിൽ വെറുപ്പോ വൈരാഗ്യമോ ഇല്ല. ഫിലിപ്പീൻസുകാരുടെ സാന്നിധ്യം അലോസരമാണെങ്കിൽ അവരെ സ്വദേശത്തേക്കു വരാൻ അനുവദിക്കണമെന്നേ പറയുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Social Icons Share on Facebook Social Icons Share on Google +