മുഖം മിനുക്കി i 20 എത്തുന്നു

ഐ20 ആക്ടിവിനെ ഹ്യുണ്ടായ് പരിഷ്‌കരിച്ചു. കഴിഞ്ഞ ദിവസമാണ് വരാനിരിക്കുന്ന ഐ20 ആക്ടിവ് ഫെയ്സ് ലിഫ്റ്റിനെ കമ്പനി ആഗോള വിപണിയിൽ കാഴ്ചവെച്ചത്.
പുതിയ ഫീച്ചറുകളും കോസ്മറ്റിക് അപ്ഡേറ്റും മാത്രമാണ് 2018 ഹ്യുണ്ടായി ഐ20 ആക്ടിവിൽ എടുത്തുപറയേണ്ട വിശേഷം.

ഫെയ്സ് ലിഫ്റ്റ് മോഡൽ ഇന്ത്യയിൽ വരുന്നതു വരെ പുതുമ നിലനിർത്താനുള്ള കമ്പനിയുടെ നീക്കമാണ് ഈ പരിഷ്‌കാരം. പുതിയ പരിഷ്‌കരിച്ച ഐ20 ആക്ടിവിന്റെ വിലയിൽ മാറ്റമില്ല. 6.99 ലക്ഷം രൂപ മുതലാണ് ഐ20 ആക്ടിവിന്റെ എക്സ്ഷോറൂം വില.
ഏറ്റവും ഉയർന്ന ഐ20 ആക്ടിവിന്റെ എക്സ്ഷോറൂം വില പത്ത് ലക്ഷം രൂപ വരെ എത്തിനിൽക്കും. വിലകളെല്ലാം ദില്ലി എക്സ്ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. പുറംമോടിയിലും അകത്തളത്തിലും നിസാരമായ മാറ്റങ്ങൾ മാത്രമാണ് ക്രോസ്ഓവർ അവകാശപ്പെടുന്നത്.

മറീന ബ്ലൂ, പോളാർ വൈറ്റ് നിറങ്ങൾ ചേർന്ന പുതിയ ഇരട്ട നിറശൈലിയാണ് 2018 ഐ20 ആക്ടിവിൽ പ്രധാനം. നിലവിലുള്ള ബ്രോൺ/ബ്ലാക്, വൈറ്റ്/ബ്ലാക് ഇരട്ട നിറങ്ങൾ മോഡലിൽ തുടരും. ഏറ്റവും ഉയർന്ന എസ്.എക്‌സ് വകഭേദത്തിൽ മാത്രമാണ് പുതിയ മറീന ബ്ലൂ/പോളാർ വൈറ്റ് നിറശൈലി ലഭ്യമാവുക.

പുതിയ ബൂട്ട് ലിഡ്, പിന്നിലുള്ള ആക്ടിവ് ബാഡ്ജ് എന്നിവ പരിഷ്‌കരിച്ച ക്രോസ്ഓവറിന്റെ വിശേഷങ്ങളിൽ ഉൾപ്പെടും. ബോഡി ക്ലാഡിംഗിലും, റൂഫ് റെയിലുകളിലും ഹ്യുണ്ടായി കൈകടത്തിയിട്ടില്ല. അകത്തളത്തിൽ പഴയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് തുടരുന്നത്.

നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് പുതിയ ഐ20 ആക്ടിവിന്റെ ഒരുക്കം. പെട്രോൾ എഞ്ചിന് 82 ബിഎച്ച്പി കരുത്തും 114 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാനാവും. കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ച ഐ20 ആക്ടിവ് ഫെയ്സ് ലിഫ്റ്റും നിസാരമായ മാറ്റങ്ങളോടെ മാത്രമാണ് വിപണിയിൽ വരിക.

Social Icons Share on Facebook Social Icons Share on Google +