യു.എസ് ലോക സാമ്പത്തികപോലീസോ? വിമര്‍ശനവുമായി ഫ്രഞ്ച് ധനമന്ത്രി

യു.എസിനെ ലോക സാമ്പത്തിക പോലീസുകാരനായി യൂറോപ്പ് അംഗീകരിക്കരുതെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെമെയർ. അമേരിക്ക എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയുടെ കീഴിലുള്ള രാജ്യങ്ങളാണോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫ്രഞ്ച് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

വീറ്റോ അധികാരമുള്ള രാജ്യങ്ങളും ജർമനിയും ചേർന്ന് ഇറാനുമായി 2015ൽ ഒപ്പുവെച്ച ആണവക്കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ പുതിയ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനെ പരാമർശിക്കുകയായിരുന്നു ബ്രൂണോ ലെമെയർ.

കരാർ നിലനിർത്താൻ യു.എസ് ഒഴികെയുള്ള കക്ഷികൾ ശ്രമം തുടരുകയാണ്. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് ഇറാനുമായുള്ള തങ്ങളുടെ വാണിജ്യ, രാഷ്ട്രീയ ബന്ധങ്ങൾ പരിരക്ഷിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടമുണ്ടാവും. യു.എസ് നടപടിയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഈ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ ചൊവ്വാഴ്ച യോഗം ചേരും. ഇറാൻ വിദേശമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും.

വിദേശ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻറിന് നിലവിലുള്ളതിന് സമാനമായ അധികാരമുള്ള യൂറോപ്യൻ നിയമവകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച വേണമെന്ന് ബ്രൂണോ ലെമെയർ പറഞ്ഞു.

Social Icons Share on Facebook Social Icons Share on Google +