പുതിയ ഫുട്‌ബോൾ ഫെഡറേഷൻ സ്വാഫ് രൂപീകൃതമായി; ആസ്ഥാനം സൗദി

തെക്കുകിഴക്കൻ രാജ്യങ്ങളെ ഉൾപ്പെടുത്തി ഏഷ്യയിൽ പുതിയ ഫുട്‌ബോൾ ഫെഡറേഷൻ രൂപീകൃതമായി. പത്തു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സൗത്ത് വെസ്റ്റ് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ  കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്.

ഇന്ത്യ, മാലിദ്വീപ്, സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, കുവൈറ്റ്, പാകിസ്ഥാൻ, ശ്രീലങ്ക, യെമൻ തുടങ്ങിയവരാണ് സ്വാഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ഫെഡറേഷനിലെ അംഗങ്ങൾ. സൗദി ഫുട്‌ബോൾ ഫെഡറേഷന്‍റെ നേതൃത്വത്തിൽ ജിദ്ദയിലാണ് സ്വാഫിന്‍റെ തലസ്ഥാനം. ഫുട്‌ബോളിന്‍റെ വളർച്ചക്കായി കൂടുതൽ ടൂർണമെന്‍റുകൾ സംഘടിപ്പിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

സാഫിലെ അംഗങ്ങളായിരുന്ന നേപാളും ഭൂട്ടാനും നിലവിൽ പുതിയ ഫെഡറേഷനിൽ അംഗങ്ങളായിട്ടില്ല.  ഉയർന്ന നിലവാരം പുലർത്തുന്ന കൂടുതൽ ടീമുകളുമായി മത്സരങ്ങളിൽ പങ്കെടുക്കാമെന്നത് ഇന്ത്യൻ ടീമിന് കൂടുതൽ കരുത്തേകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

വാഫിൽ അംഗങ്ങളായിരുന്ന ജോർദാൻ, പലസ്തീൻ, ലെബനൻ, സിറിയ, ഖത്തർ എന്നീ രാജ്യങ്ങളെ പുതിയതായി രൂപീകരിച്ച ഫെഡറേഷനിൽ ഉൾപ്പെടുത്തിയിട്ടില്ല.

ലോകകപ്പിന് ശേഷം നടക്കുന്ന ആദ്യ ജനറൽ ബോഡി ചേരുന്നത് വരെ സൗദി ഫുട്‌ബോൾ അസോസിയേഷൻ തലവൻ ആദേൽ ഇസ്സത്ത് ആയിരിക്കും സ്വാഫിനെ നയിക്കുക.

Social Icons Share on Facebook Social Icons Share on Google +