ചലച്ചിത്ര-സീരിയൽ നടൻ കലാശാല ബാബു അന്തരിച്ചു

ചലച്ചിത്ര-സീരിയൽ നടൻ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കസ്തൂരിമാൻ, എന്റെ വീട് അപ്പൂന്റേം, തൊമ്മനും മക്കളും, ബാലേട്ടൻ, റൺവേ, ടു കൺട്രീസ് തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് കലാരംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. തൃപ്പൂണിത്തുറയില്‍ ആരംഭിച്ച കലാശാല എന്ന നാടകട്രൂപ്പ് കേരളത്തില്‍ സജീവമായിരുന്നു. 1977-ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സിനിമയിലും സാന്നിദ്ധ്യം അറിയിച്ചു. നാടക ലോകത്തേയ്ക്ക് മടങ്ങിയ ബാബു തുടർന്ന് ടിവി സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കുടുംബ സദസ്സുകളിൽ പരിചിതനായി.

ലോഹിതദാസിന്റെ കുഞ്ചാക്കോ ബോബൻ-മീരാ ജാസ്മിൻ ചിത്രം കസ്തൂരിമാൻ കലാശാല ബാബുവിന്റെ സിനിമയിലേക്കുള്ള വിജയകരമായ രണ്ടാം വരവിന് തുടക്കമിട്ടു. തുടർന്ന് നിരവധി സിനിമകളിൽ സ്വഭാവ നടൻ, വില്ലൻ എന്നീ വേഷങ്ങളിലൂടെ ബിഗ് സ്‌ക്രീനിലും തന്റെ സ്ഥാനം കലാശാല ബാബു ഉറപ്പിച്ചു. എന്റെ വീട് അപ്പൂന്റേം, പെരുമഴക്കാലം, മല്ലു സിംഗ്, പോക്കിരി രാജ, ചെസ്, പച്ചക്കുതിര, തുറുപ്പുഗുലാൻ, തൊമ്മനും മക്കളും, ബാലേട്ടൻ, റൺവേ, ടു കൺട്രീസ് തുടങ്ങി അമ്പതിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷന് സമീപം റോയൽ ഗാർഡൻസിലായിരുന്നു താമസം. ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥൻ എന്നിവർ മക്കളാണ്.

Social Icons Share on Facebook Social Icons Share on Google +