തിയേറ്റര്‍ പീഡനം; പ്രതിയെ സംരക്ഷിച്ച മന്ത്രി കെ.ടി ജലീലിനെ പുറത്താക്കണമെന്ന് ആവശ്യം

എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ പ്രതിയെ സംരക്ഷിച്ച മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്. കേസിലെ പ്രതിയെ മന്ത്രി ദിവസങ്ങളോളം സംരക്ഷിച്ചുവെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. അതിനിടെ ചങ്ങരംകുളം എസ്.ഐയെ മാത്രം കുറ്റക്കാരനാക്കി മലപ്പുറം എസ്.പി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

തിയേറ്ററിൽ വെച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി മൊയ്തീൻകുട്ടിയെ സംരക്ഷിക്കാൻ മന്ത്രി കെ.ടി ജലീൽ കൂട്ടുനിന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ മലപ്പുറത്തെ ഒാഫീസിലേക്ക് മാർച്ച് നടത്തി. എടപ്പാൾ നരിപ്പറമ്പിലെ ഒാഫീസിലേക്കാണ് പൊന്നാനി പാർലമെന്റ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് മാർച്ച് ഉദ്ഘാടനം ചെയ്തു.

പീഡനക്കേസിലെ പ്രതി മൊയ്തീൻകുട്ടിയെ ദിവസങ്ങളോളം സംരക്ഷിച്ച മന്ത്രി കെടി ജലീലിന്റെ നടപടി പ്രതിഷേധാർഹമാണെന്നും ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്ന് വി.വി പ്രകാശ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് നേതാക്കളായ എ.എം രോഹിത്, സിദ്ദിഖ് പന്താവൂർ, യാസിർ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി. അതിനിടെ തിയേറ്റർ പീഡനക്കേസിൽ ചങ്ങരംകുളം എസ്.ഐയെ മാത്രം കുറ്റക്കാരനാക്കി ഉന്നതഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്.

മലപ്പുറം എസ്.പി ദേബേഷ് കുമാർ ബഹ്‌റയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്. അന്വേഷണത്തിൽ എസ്.ഐ വീഴ്ചവരുത്തിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ തിരൂർ ഡി.വൈ.എസ്.പി ബിജു ഭാസ്‌കർ കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. എസ്.ഐ കെ.ജി ബേബിക്കെതിരെ പോസ്‌കോ വകുപ്പിലെ 19 പ്രകാരം കേസെടുക്കുമെന്നാണ് സൂചന. എസ്.ഐ ഇപ്പോൾ സസ്‌പെൻഷനിലാണ്. പ്രതി മൊയ്തീൻകുട്ടിക്കെതിരെ പോസ്‌കോ വകുപ്പിലെ നിസാക വകുപ്പുകൾ ചുമത്തിയതും വിവാദമായിട്ടുണ്ട്.

Social Icons Share on Facebook Social Icons Share on Google +